മാണി സാര്‍ ഞങ്ങളോടൊപ്പം: പാത പിന്തുടരാന്‍ കഠിനാധ്വാനം ചെയ്യും; പിളര്‍പ്പിന് ശേഷം ജോസ് കെ മാണി

പാര്‍ട്ടി ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി
മാണി സാര്‍ ഞങ്ങളോടൊപ്പം: പാത പിന്തുടരാന്‍ കഠിനാധ്വാനം ചെയ്യും; പിളര്‍പ്പിന് ശേഷം ജോസ് കെ മാണി

കോട്ടയം: പാര്‍ട്ടി ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി. ബദല്‍ സംസ്ഥാന സമിതിയിലാണ് പാര്‍ട്ടി പിളര്‍ത്തി ഒരുവിഭാഗം ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. 

കെഎം മാണിയുടെ ആത്മാവ് തങ്ങള്‍ക്കൊപ്പമാണെന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ജോസ് കെ മാണി പറഞ്ഞു. 'ഇപ്പോഴൊന്നും പറയാനില്ല. ഇതിനു ശേഷം പലതും പറയാനുണ്ട്. അതിലേക്കു കടക്കുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ മാണി സാര്‍ നമുക്കൊപ്പമുണ്ട്. മാണി സാറിന്റെ പാത പിന്തുടരാന്‍ തീര്‍ച്ചയായും കഠിനാധ്വാനം ചെയ്യും. പാര്‍ട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി മുന്നോട്ടുപോകും'- ജോസ് കെ മാണി പറഞ്ഞു. 

കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ജോസ് കെ മാണിയെ പിന്തുണച്ചു. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേര്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന് ജോസ് കെ മാണി പക്ഷം അവകാശപ്പെട്ടു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ച് ചേര്‍ക്കുകയും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തത്. ഭൂരിപക്ഷ സംസ്ഥാന സമിതി അംഗങ്ങളും ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നുവെന്ന് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നു. അതേസമയം പാര്‍ട്ടിയുടെ അഞ്ച്് എംഎല്‍എമാരില്‍ മൂന്നുപേരും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും തങ്ങള്‍ക്ക് ഒപ്പമാണെന്ന് പി ജെ ജോസഫ് പക്ഷം അവകാശപ്പെടുന്നു. 29 അംഗ ഉന്നതാധികാര സമിതിയില്‍ 15 പേര്‍ തങ്ങളുടെ ഒപ്പമാണെന്നാണ് ജോസഫ് പക്ഷം പറയുന്നത്.റോഷി അഗസ്റ്റിനും എന്‍ ജയരാജും മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പം നില്‍ക്കുന്നത്. സംഘടന സെക്രട്ടറി സി എഫ് തോമസ് ഒപ്പം നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ച് ഔദ്യോഗിക പക്ഷം തങ്ങളുടേതാണെന്ന നിലപാടും ജോസഫ് പക്ഷം മുന്നോട്ടുവെയ്ക്കുന്നു. ബദല്‍ സംസ്ഥാന സമിതി വിളിച്ചുചേര്‍ത്ത് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞടുത്ത സാഹചര്യത്തില്‍ പി ജെ ജോസഫിന്റെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോട്ടയത്ത് വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം നിയമവിരുദ്ധമാണെന്ന് പറഞ്ഞ പി ജെ ജോസഫ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പി ജെ ജോസഫിന്റെ നീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോസ് കെ മാണി ഉള്‍പ്പെടെയുളളവര്‍ക്ക് എതിരെ നടപടി എടുക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്. എന്നാല്‍ നിയമപരമായി ഇത് നിലനില്‍ക്കുമോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ മാത്രമാണ് അറിയാന്‍ സാധിക്കുക.

അതേസമയം താന്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണെന്ന് സി എഫ് തോമസ് പറഞ്ഞു. ഇന്നലെയും ഇന്നും കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണ്. നാളെയും ഇതിനൊടൊപ്പമായിരിക്കുമെന്നും സി എഫ് തോമസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com