വട്ടിയൂര്‍ക്കാവില്‍ എം ടി രമേശ്, അരൂരില്‍ കെ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കൃഷ്ണദാസ്; ഉപതെരഞ്ഞെടുപ്പില്‍ പട നയിക്കാന്‍ ചുമതല നല്‍കി ബിജെപി 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുവര്‍ധന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ബിജെപി
വട്ടിയൂര്‍ക്കാവില്‍ എം ടി രമേശ്, അരൂരില്‍ കെ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കൃഷ്ണദാസ്; ഉപതെരഞ്ഞെടുപ്പില്‍ പട നയിക്കാന്‍ ചുമതല നല്‍കി ബിജെപി 

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുവര്‍ധന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ബിജെപി. ഇതിന്റെ ഭാഗമായി വരുന്ന ഉപതെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തുകയും അംഗസംഖ്യ ഉയര്‍ത്തുന്നതിനുളള പരിപാടിക്ക് രൂപം നല്‍കുകയും ചെയ്തു.ആറു മാസംകൊണ്ട് സംസ്ഥാനത്തെ ബിജെപി അംഗസംഖ്യ 60 ലക്ഷമാക്കി ഉയര്‍ത്താന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി വന്‍ അംഗത്വ ക്യാംപെയ്ന്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. ജൂലൈ 6 മുതല്‍ അടുത്ത ജനുവരി 31 വരെയാണ് അംഗത്വ ക്യാംപെയ്ന്‍.

ഉപതിരഞ്ഞെടുപ്പു പ്രതീക്ഷിക്കുന്ന 6 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് കമ്മിറ്റിയിലെ 6 അംഗങ്ങളെ ചുമതലപ്പെടുത്തി. വട്ടിയൂര്‍കാവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ടി രമേശിനാകും ചുമതല. കോന്നിയില്‍ എ എന്‍ രാധാകൃഷ്ണന്‍, അരൂരില്‍ കെ സുരേന്ദ്രന്‍, പാലായില്‍ ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് സി കെ പത്മനാഭന്‍, മഞ്ചേശ്വരത്ത് പി കെ കൃഷ്ണദാസ് എന്നിവര്‍ ചുമതല വഹിക്കും.

കേരളത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച സിപിഎം അവലോകന രേഖയില്‍ എടുത്തുപറയുന്നത് സംസ്ഥാന നേതൃത്വത്തെ ആവേശം കൊളളിക്കുന്നുണ്ട്.  ശബരിമല വിഷയത്തില്‍ വിശ്വാസികളെ സഹായിക്കുന്ന നിലപാട് തുടരും. വിശ്വാസത്തെ തൊട്ടുകളിച്ചതാണ് ബിജെപിക്കു തിരിച്ചടിയായതെന്ന എന്‍എസ്എസ് നിലപാടിനോടു പ്രതികരിക്കാനില്ല. ഒരു സമുദായ സംഘടനയുടെ നിലപാടിനോട് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com