വളരുംതോറും പിളരുന്ന പാര്‍ട്ടി; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളുടെ ചരിത്രം

1964ല്‍  കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടി സ്ഥാപിതമായതിന് ശേഷം ഇതുവരെ പിളര്‍ന്നത് പതിനൊന്ന് തവണയാണ്. 
വളരുംതോറും പിളരുന്ന പാര്‍ട്ടി; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളുടെ ചരിത്രം

കെഎം മാണിയെന്ന രാഷ്ട്രീയ അതികായന്റെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നിരിക്കുകയാണ്. പിജെ ജോസഫ് വിഭാഗത്തെ മാറ്റി നിര്‍ത്തി മാണിയുടെ മകന്‍ ജോസ് കെ മാണി പുതിയ ചെയര്‍മാനാകുമ്പോള്‍ വളരുംതോറും പിളരുന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ്. 1964ല്‍  കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടി സ്ഥാപിതമായതിന് ശേഷം ഇതുവരെ പിളര്‍ന്നത് പതിനൊന്ന് തവണയാണ്. 

കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തിയതുമുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തില്‍ പിളര്‍പ്പും പിളര്‍പ്പിന്റെ മേല്‍ പിളര്‍പ്പും തുടര്‍ക്കഥകളാണ്. 1964 ഒക്ടോബര്‍ ഒമ്പതിനാണ് കെഎം ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച 15 എംഎല്‍എമാര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപീകരിച്ചത്. പിടി ചാക്കോയും പിജെ ജോസഫും ആര്‍ ബാലകൃഷ്ണ പിള്ളയും മറ്റു പ്രമുഖ നേതാക്കള്‍. താമസിയാതെ കോണ്‍ഗ്രസില്‍നിന്ന് കെഎം മാണിയും കേരള കോണ്‍ഗ്രസിലെത്തി.

1977ലാണ് ആദ്യ പിളര്‍പ്പ്. നേതൃപദവി തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിച്ചു. 1977ല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. യുഡിഎഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.

1979ല്‍ പിജെ ജോസഫിനോട് തെറ്റി കെഎം മാണി പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ്സ് (എം) രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് (എം)യുഡിഎഫിനൊപ്പം നിന്നു. ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചേര്‍ന്നു.

1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കും ജോസഫും പാര്‍ട്ടിയും യുഡിഎഫിലേക്കും മറുകണ്ടം ചാടി.1982ല്‍ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെയെത്തി. 3 ഗ്രൂപ്പുകളും പ്രത്യേകം പാര്‍ട്ടികളായി യുഡിഎഫില്‍ നിന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടു. യുഡിഎഫ് മന്ത്രിസഭയില്‍ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടിഎം ജോക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.

1985ല്‍ പിളര്‍പ്പുകള്‍ മൂലമുണ്ടായ ദൗര്‍ബല്യം മറി കടക്കാന്‍ മൂന്നു പാര്‍ട്ടികളും ലയിച്ച് ഒന്നായി. 4 മന്ത്രിമാരും, 25 എംഎല്‍എമാരുമായി സംസ്ഥാന മന്ത്രിസഭയിലും യുഡിഎഫിലും സ്വാധീന ശക്തിയായി പാര്‍ട്ടി മാറി.1987ല്‍ കെഎം മാണി വീണ്ടും മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ്സില്‍ നിന്നെങ്കിലും ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു.

1989ല്‍ പിജെ ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്ക് പോയി. ബാലകൃഷ്ണപിള്ളയും കെഎം മാണിയും വലതുമുന്നണിയില്‍ത്തന്നെ നിലയുറപ്പിച്ചു. 1993ല്‍ മാണിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് എംഎല്‍എമാരായ ജോണി നെല്ലൂരിനെയും, മാത്യൂ സ്റ്റീഫനെയും, പി എം മാത്യൂവിനെയും കൂട്ടി കേരള കോണ്‍ഗ്രസ് (ജെ) രൂപീകരിച്ച് മാണി ഗ്രൂപ്പിനെ പിളര്‍ത്തി.

1996ല്‍ കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒ വി ലൂക്കോസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ചു.  2001ല്‍ കെഎം മാണിയോട് തെറ്റി പിസി ചാക്കോയുടെ മകന്‍ പിസി തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടി ഐഎഫ്ഡിപി രൂപീകരിച്ചു. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ജോസ് കെ മാണിയെ തോല്‍പ്പിച്ചു.

2003ല്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്ക്യുലര്‍ രൂപീകരിച്ചു.2005ല്‍  പിസി തോമസിന്റെ ഐഎഫ്ഡിപി എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചുകൊണ്ട് പിന്‍വാതിലിലൂടെ എല്‍ഡിഎഫിലെത്തി.

2005 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ജേക്കബ് ഗ്രൂപ്പ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നു, പക്ഷെ 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഐസി കോണ്‍ഗ്രസ് മുന്നണിയില്‍ തിരിച്ചെത്തി. പിന്നീട് എന്‍സിപിയുമായി ലയിച്ച് കെ കരുണാകരന്‍ മുന്നണി വിട്ടെങ്കിലും ജേക്കബ് യുഡിഎഫില്‍ത്തന്നെ നിന്നു.

2009 നവംമ്പര്‍ 11ന് പിസി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്ക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചു.2010ല്‍ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് യുഡിഎഫിലെത്തി. ശേഷിച്ച  പിസി തോമസും സുരേന്ദ്രന്‍ പിള്ളയും സ്‌കറിയാ തോമസിന്റെ നേതൃത്വത്തില്‍ ലയനവിരുദ്ധ പാര്‍ട്ടിയായി എല്‍ഡിഎഫില്‍ത്തന്നെ നിന്നു. പിന്നീട് 2010ല്‍ ജേക്കബ് ഗ്രൂപ്പും കേരള കോണ്‍ഗ്രസില്‍ ലയിച്ചു.

2015ല്‍ ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് എം വിട്ട് പഴയ സെക്ക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.2016 മാര്‍ച്ച് 3 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നേതാക്കള്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്് രൂപീകരിച്ച് എല്‍ഡിഎഫിനൊപ്പം തെരഞ്ഞെടുപ്പ് നേരിട്ടെങ്കിലും ആരും വിജയിച്ചില്ല. കേരള കോണ്‍ഗ്രസ് ബിയും എല്‍ഡിഎഫിനോപ്പം നിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. പിസി തോമസ് എന്‍ഡിഎയിലേക്ക് പോവുകയും എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ള യുഡിഎഫിലേക്ക് പോവുകയും ചെയ്തു.

2016ല്‍ കേരള കോണ്‍ഗ്രസ്സ് (എം) യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി. 2018ല്‍ രണ്ട് വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചെത്തി. 2019 ഏപ്രില്‍ 9ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പുതിയ പിളര്‍പ്പിനുള്ള വഴിയൊരുങ്ങിയത്. ജൂണ്‍ 16 കേരളാ കോണ്‍ഗ്രസ് (എം)വീണ്ടും രണ്ടായി പിളര്‍ന്ന് ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി പ്രഖ്യാപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com