സൗമ്യയുടെ കൊലപാതകം: അജാസിനൊപ്പം കാറില്‍ മറ്റൊരാള്‍?; അന്വേഷണം അയാളിലേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസ് വളളികുന്നത് എത്തിയത് മറ്റൊരാള്‍ക്കൊപ്പമെന്ന് സൂചന
സൗമ്യയുടെ കൊലപാതകം: അജാസിനൊപ്പം കാറില്‍ മറ്റൊരാള്‍?; അന്വേഷണം അയാളിലേക്കും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസ് വളളികുന്നത് എത്തിയത് മറ്റൊരാള്‍ക്കൊപ്പമെന്ന് സൂചന. സംഭവസമയത്ത് നീല ഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരന്‍ പരിസരത്തുണ്ടായിരുന്നെന്നും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും നാട്ടുകാര്‍ പറയുന്നു.

സംഭവസ്ഥലത്തേക്ക് ഓടിവരുന്നതിനിടെ പലരും ഇയാളെ കണ്ടു. അസ്വസ്ഥനായി കാണപ്പെട്ട ഇയാള്‍ പെട്ടെന്ന് സ്ഥലം വിട്ടു. പിന്നീട് ഇയാള്‍ കാമ്പിശ്ശേരി ജംഗ്ഷനില്‍ നിന്ന് ബസില്‍ കയറിപ്പോയെന്നാണ് സംശയിക്കുന്നത്. 

സൗമ്യയെ കൊലപ്പെടുത്താനുളള തീരുമാനത്തോടെയാണ് പ്രതി വന്നതെന്ന് അറിഞ്ഞാണോ ഇയാള്‍ ഒപ്പമെത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. മാരകായുധങ്ങളും പെട്രോളും കരുതിയിരുന്ന സാഹചര്യത്തില്‍ പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കി തന്നെയായിരിക്കും വന്നതെന്നാണ് സംശയം. അജാസിനും പൊളളലേറ്റതിനാലായിരിക്കും ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

പ്രതിക്ക് സൗമ്യയുടെ വീട് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലപരിചയമില്ലാത്തവര്‍ക്ക് സൗമ്യയുടെ വീട് നില്‍ക്കുന്ന ഭാഗത്ത് അത്രവേഗം എത്താന്‍ കഴിയില്ല. വളളികുന്നം കാമ്പിശ്ശേരി ജംഗ്ഷനില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയാണ് വീട്. പ്രതി മുമ്പ് ഇവിടെ വന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.പിഎസ്‌സിയുടെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതി മടങ്ങിയെത്തിയ സൗമ്യ സ്‌റ്റേഷനിലേക്കു പോകാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ കാത്തുനിന്ന പ്രതി ആദ്യം കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഭയന്ന് അടുത്ത വീട്ടിലേക്കോടിയ സൗമ്യയെ പിന്തുടര്‍ന്നു ചെന്ന് കൊടുവാള്‍ കൊണ്ട് കഴുത്തില്‍ വെട്ടുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. സൗമ്യ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com