ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്നും 22 ലക്ഷം രൂപ തട്ടി ; പീതാംബരക്കുറുപ്പ്, എംപി വിന്‍സെന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് ; കോടതി സമന്‍സ്

മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത്, കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് നെല്ലിക്കുന്ന് ഷാജനാണ്  സ്വകാര്യഅന്യായം നല്‍കിയത്
ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്നും 22 ലക്ഷം രൂപ തട്ടി ; പീതാംബരക്കുറുപ്പ്, എംപി വിന്‍സെന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് ; കോടതി സമന്‍സ്


തൃശൂര്‍ : റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കായികതാരത്തില്‍നിന്ന്  22.25  ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ എന്‍ പീതാംബരക്കുറുപ്പിനും എം പി വിന്‍സെന്റിനും കോടതി സമന്‍സ് അയച്ചു. പീതാംബരക്കുറുപ്പും വിന്‍സെന്റും യഥാക്രമം എംപിയും എംഎല്‍എയും ആയിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്.  കായികതാരത്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്. 

മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത്, കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് നെല്ലിക്കുന്ന് മണ്ടകന്‍ വീട്ടില്‍ ഷാജനാണ്  തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സ്വകാര്യഅന്യായം നല്‍കിയത്.  പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടത്താത്തതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം  കോടതിയെ സമീപിച്ചത്. കോടതി  കേസ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചത്. 

കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ്,  കെപിസിസി അംഗം എം പി വിന്‍സെന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിബു ടി ബാലന്‍, ഭാര്യ ദീപ ഷിബു, മകള്‍ സായ്കൃഷ്ണ, ജയ്മല്‍കുമാര്‍   എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഷിബു ടി ബാലനാണ് ഒന്നാംപ്രതി. ഇയാള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ സനീഷിന് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത്  22.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഈ പണം പീതാംബരക്കുറുപ്പിനും വിന്‍സെന്റിനും ഉള്‍പ്പെടെ വീതം വച്ചെന്നാണ് ഷിബു ടി ബാലന്‍ പൊലീസിന് നല്‍കിയ മൊഴി.

2013ല്‍ കൊല്ലം എംപിയും റെയില്‍വേ ബോര്‍ഡ് മെമ്പറുമായിരുന്ന പീതാംബരക്കുറുപ്പു വഴി ജോലി ശരിയാക്കാമെന്ന് പറഞ്ഞ്  പണം വാങ്ങിയെന്നാണ് ആരോപണം. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് എം പി വിന്‍സെന്റിനെ ഫോണ്‍ വഴിയും പീതാംബരക്കുറിപ്പിനെ നേരില്‍ക്കണ്ടും ഇക്കാര്യം ഉറപ്പിച്ചു.   നാലു ഗഡുക്കളായി 25 ലക്ഷം നല്‍കണമെന്നും ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്ന് വായ്പ ശരിയാക്കാമെന്നും പീതാംബരക്കുറുപ്പ് നിര്‍ദേശിച്ചതായി ഹര്‍ജിയില്‍ പറയുന്നു. മെട്രോ റെയില്‍വേയിലെ ഐഎഎസ് ഉദ്യോഗസ്ഥനെന്ന മട്ടില്‍ രാധാകൃഷ്ണന്‍ എന്നയാളെ പരിചയപ്പെടുത്തി. 

പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ പ്രകാരം ഇയാള്‍ക്ക് 2013 നവംബര്‍ 22ന് ആലപ്പുഴ കെടിഡിസിയില്‍ വച്ച് ആദ്യഗഡു ആറു ലക്ഷം കൈമാറി. പിന്നീട് നവംബര്‍ 28, ഡിസംബര്‍ 15 തീയതികളിലായി  തൃശൂരില്‍ ഷിബു ടി ബാലന് അഞ്ചുലക്ഷം വീതം നല്‍കി. 2014 ഫെബ്രുവരി നാലിന്  5 ലക്ഷം ഷിബുവിന്റെ ഭാര്യ ദീപയുടെ പേരില്‍ യുസിഒ ബാങ്ക് തൃശൂര്‍ അശ്വിനി ശാഖ വഴി കൈമാറി.  സായ്കൃഷ്ണയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയിലെ  അക്കൗണ്ടില്‍ 1.25 ലക്ഷവും നിക്ഷേപിച്ചു. 2014ല്‍ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഷിബു ടി ബാലനുമായി ബന്ധപ്പെട്ടപ്പോള്‍  ഒഴിഞ്ഞുമാറി. 

തുടര്‍ന്ന് പൊലീസില്‍ കേസ് കൊടുത്തു. വാങ്ങിയ പണത്തില്‍നിന്ന് പീതാംബരക്കുറുപ്പ് ആറുലക്ഷവും എം പി വിന്‍സെന്റ് ഏഴുലക്ഷവും ജയ്മന്‍കുമാര്‍ മൂന്നു ലക്ഷവും എംഎല്‍എയുടെ പി എ അരുണ്‍കുമാര്‍ 15,000 രൂപയും ബാക്കി 6.25 ലക്ഷം ഷിബുവിന്റെ സുഹൃത്ത് ഷിജുവും കൈപ്പറ്റിയതായി ഷിബു ടി ബാലന്‍ പൊലീസിന് എഴുതിക്കൊടുത്ത മൊഴിയിലുണ്ട്. പരാതിയായതോടെ ഷിബു ടി ബാലന്‍ 15 ലക്ഷം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് ചെക്ക് നല്‍കി. ഈ ചെക്ക് ബാങ്കില്‍ പണമില്ലാത്തതിനാല്‍ തള്ളിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com