ജോസ് കെ മാണി ചെയര്‍മാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് ; സി എഫ് തോമസ് ജോസഫിനൊപ്പം ; കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും പരിഗണനയില്‍

ഭാവി നടപടികള്‍ ആലോചിക്കുന്നതിനായി പി ജെ ജോസഫും മോന്‍സ് ജോസഫും സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി
ജോസ് കെ മാണി ചെയര്‍മാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് ; സി എഫ് തോമസ് ജോസഫിനൊപ്പം ; കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും പരിഗണനയില്‍

കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. കേരള കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് ജോസഫ് പക്ഷം അവകാശപ്പെട്ടു. ഇന്നലെ യോഗം ചേര്‍ന്ന ജോസ് കെ മാണി വിഭാഗത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും ജോസഫ് വിഭാഗം പരിഗണിക്കുന്നു. താൻ തന്നെയാണ് ഇപ്പോഴും പാർട്ടി ചെയർമാനെന്നും പി ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനും സീനിയര്‍ നേതാവുമായ സിഎഫ് തോമസും ജോസഫിനൊപ്പമാണ്. ഭാവി നടപടികള്‍ ആലോചിക്കുന്നതിനായി പി ജെ ജോസഫും മോന്‍സ് ജോസഫും സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തി. മാണി വിഭാഗം ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. 

സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച്  മുതിര്‍ന്ന അംഗം കെ.ഐ ആന്റണിയാണ് കത്ത് അയച്ചത്.  നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജോസ് കെ.മാണി വിഭാഗം. അതേസമയം നിയമോപദേശം തേടാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം വിശദീകരിക്കും. ഔദ്യോഗിക കേരള കോണ്‍ഗ്രസ് ഏതെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിര്‍ണായകമാകും. പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നാണ് ജോസ്.കെ.മാണിയുടെ അവകാശവാദം. 

കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ പിന്നീട് തെരഞ്ഞെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ചെയര്‍മാന്‍ ജോസ് കെ. മാണി കൂടി പങ്കെടുക്കുന്ന യോഗത്തിലാകും തെരഞ്ഞെടുപ്പ്. തല്‍ക്കാലം പി ജെ ജോസഫ് തല്‍സ്ഥാനത്ത് തുടരും. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് സി എഫ് തോമസ് വിട്ടുനിന്നു എന്ന് കരുതാനാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നതിന് അനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തിരുക്കുന്നതെന്ന് എന്‍ ജയരാജ് എംഎല്‍എയും പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ എംപിയും അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com