ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനു സ്‌റ്റേ

ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ജോസ് കെ മാണിക്കു തെരഞ്ഞെടുപ്പു കമ്മിഷന് കത്തു നല്‍കാനാവില്ല
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍


തൊടുപുഴ: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തെരഞ്ഞെടുത്തതിന് കോടതിയുടെ സ്‌റ്റേ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ തൊടുപുഴ മുന്‍സിഫ് കോടതിയാണ്  ചെയര്‍മാന്‍ തെരഞ്ഞെടുപ്പു സ്റ്റേ ചെയ്തത്. 

ജോസഫ് വിഭാഗത്തിലെ രണ്ടു സംസ്ഥാന സമിതി അംഗങ്ങളാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചത്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിയമാനുസൃതമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പു സ്റ്റേ ചെയ്തു. ജോസ് കെ മാണി ചെയര്‍മാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ജോസ് കെ മാണിക്കു തെരഞ്ഞെടുപ്പു കമ്മിഷന് കത്തു നല്‍കാനാവില്ല. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തി.

കോടതി ഇടപെടല്‍ കൂടിയായതോടെ കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. കേരള കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് ജോസഫ് പക്ഷം അവകാശപ്പെട്ടു. ഇന്നലെ യോഗം ചേര്‍ന്ന ജോസ് കെ മാണി വിഭാഗത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും ജോസഫ് വിഭാഗം പരിഗണിക്കുന്നു. താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ചെയര്‍മാനെന്നും പി ജെ ജോസഫ് പറഞ്ഞു.

ചെയര്‍മാനെ തെരഞ്ഞെടുത്തെങ്കിലും നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജോസ് കെ.മാണി വിഭാഗം. അതേസമയം നിയമോപദേശം തേടാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം വിശദീകരിക്കും. ഔദ്യോഗിക കേരള കോണ്‍ഗ്രസ് ഏതെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിര്‍ണായകമാകും. പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നാണ് ജോസ്.കെ.മാണിയുടെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com