'ക്വട്ടേഷന്‍' പണി പാര്‍ട്ടിയുടെ ചെലവില്‍ വേണ്ട; ഇത്തരം സംഘങ്ങളെ കൂച്ചുവിലങ്ങിടാന്‍ സിപിഎം

ഇവരുടെ ഇടപെടലുകള്‍ പാര്‍ട്ടിയോട് അനുഭാവമുള്ളവരെ അകറ്റുന്നുവെന്നു മാത്രമല്ല കുറ്റം പാര്‍ട്ടിയുടെ തലയിലാവുകയും ചെയ്യുന്നു
'ക്വട്ടേഷന്‍' പണി പാര്‍ട്ടിയുടെ ചെലവില്‍ വേണ്ട; ഇത്തരം സംഘങ്ങളെ കൂച്ചുവിലങ്ങിടാന്‍ സിപിഎം

കണ്ണൂര്‍: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ വളരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം തീരുമാനം. നേരത്തേ പാര്‍ട്ടി കേസുകളില്‍ പ്രതികളാവുകയും പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളായി അക്രമങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കു നേരെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. ഇത്തരം സംഘങ്ങള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഉണ്ടാകില്ലെന്ന്് ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കി.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഒരു സംഘത്തെ കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു വിവരം  ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണു കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്.പാര്‍ട്ടിയുടെ തണല്‍ പറ്റി ഭൂമിക്കച്ചവടത്തിലും ബ്ലേഡ് ഇടപാടുകളിലും ഇടപെട്ട് കമ്മിഷന്‍ പറ്റുകയും അതിനു വേണ്ടി അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘങ്ങളാണ് സിപിഎമ്മിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇവരുടെ ഇടപെടലുകള്‍ പാര്‍ട്ടിയോട് അനുഭാവമുള്ളവരെ അകറ്റുന്നുവെന്നു മാത്രമല്ല കുറ്റം പാര്‍ട്ടിയുടെ തലയിലാവുകയും ചെയ്യുന്നു. ഇത്തരം സ്ഥിതി വിശേഷം ഇനി ഉണ്ടായിക്കൂടെന്ന കര്‍ശന നിര്‍ദേശമാണ് ജില്ലാ കമ്മിറ്റി മുന്നോട്ടു വച്ചത്.

ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അംഗത്വ  പരിശോധന വേളയില്‍ ഒഴിവാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം നിലവിലുണ്ട്. ഈ സംഘത്തില്‍പ്പെട്ടവര്‍ക്കു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് 4 ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണു തീരുമാനം. സംഘത്തിനു പിന്‍ബലമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഏരിയാ കമ്മിറ്റികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.അക്രമ രാഷ്ട്രീയം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി സിപിഎം വിലയിരുത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com