പൊലീസ് കമ്മിഷണറേറ്റുകള്‍ ഉടന്‍ ഇല്ല; ചര്‍ച്ചകള്‍ക്കു ശേഷമെന്ന് മുഖ്യമന്ത്രി

പൊലീസിനു മജിസ്റ്റീരിയല്‍ അധികാരം നല്‍കിക്കൊണ്ട് കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ധൃതി പിടിച്ചു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
പൊലീസ് കമ്മിഷണറേറ്റുകള്‍ ഉടന്‍ ഇല്ല; ചര്‍ച്ചകള്‍ക്കു ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനു മജിസ്റ്റീരിയല്‍ അധികാരം നല്‍കിക്കൊണ്ട് കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ധൃതി പിടിച്ചു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്തിയ ശേഷമേ ഇതു നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് കമ്മിഷണേറ്റുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്. തീരുമാനം ധൃതിപിടിച്ചു നടപ്പാക്കില്ല. ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്തിയായിരിക്കും ഇതു നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് അന്‍പതോളം നഗരങ്ങളില്‍ പൊലീസ് കമ്മിഷണറേറ്റുകള്‍ ഉണ്ട്. ഇതില്‍ പലതും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഐപിഎസ് ലോബിക്കു വേണ്ടി രഹസ്യമായാണ്, കമ്മിഷണറുകള്‍ രൂപീകരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ വിടി ബല്‍റാം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന പൊലീസ് നിയമം അനുസരിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജനാഭിപ്രായം എതിരായതിനാല്‍ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജനാഭിപ്രായത്തെ വകവയ്ക്കാതെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയെന്ന് ബല്‍റാം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com