സി എഫ് തോമസിനെ ചെയര്‍മാനാക്കാന്‍ ജോസഫ് വിഭാഗം ; ജോസ് കെ മാണിയെ അംഗീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉള്‍പ്പടെയാണ് ജോസഫ് വിഭാഗം കത്ത് നല്‍കിയത്
സി എഫ് തോമസിനെ ചെയര്‍മാനാക്കാന്‍ ജോസഫ് വിഭാഗം ; ജോസ് കെ മാണിയെ അംഗീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

കോട്ടയം : ജോസ് കെ മാണിയെ ചെയര്‍മാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്  പി ജെ ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉള്‍പ്പടെയാണ് കത്ത് നല്‍കിയത്. ചട്ടം ലംഘിച്ചാണ് സംസ്ഥാന കമ്മിറ്റി വിളിച്ചതെന്നും, അത് മനസിലാക്കിയ കോടതി തന്നെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് അസാധുവാക്കിയുണ്ടെന്നും ജോസഫ് വിഭാഗം കത്തില്‍ ചൂണ്ടിക്കാട്ടി.  കോടതി ഉത്തരവിന്റെ പകര്‍പ്പും കമ്മീഷന് കൈമാറിയിട്ടുണ്ട്.  

സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണയോടെ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്നാണ് ജോസ് കെ.മാണി പക്ഷം ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതിന് മറുപടിയായാണ് ജോസഫ് വിഭാഗത്തിന്റെ കത്ത്. അതേസമയം ഈ നിയമസഭ സമ്മേളന കാലത്ത് ജോസ്  കെ മാണി പക്ഷത്തുള്ള എംഎല്‍എമാരായ റോഷി അഗസ്റ്റിനും, എന്‍ ജയരാജിനുമെതിരെ നടപടി എടുക്കേണ്ടെന്നും ജോസഫ് വിഭാഗം തീരുമാനിച്ചു. മുന്നണിക്ക്  നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണിത്.

നടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു പിജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നെന്നും, ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം തന്റേതാണെന്നും ജോസഫ് പറഞ്ഞു. സി എഫ് തോമസിനെ ചെയര്‍മാനാക്കി കാര്യങ്ങള്‍ മുന്നോട്ട് പോകാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി എഫ് തോമസും ജോയി എബ്രഹാമും പരസ്യമായി രംഗത്ത് വന്നതോടെ ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പായി. ഇതോടെ  ചെയര്‍മാനേയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറേയും തീരുമാനിക്കാന്‍ തടസമില്ലെങ്കിലും തിടുക്കപ്പെട്ട് വേണ്ടെന്നാണ് സി എഫ് തോമസിന്റെ ഉപദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com