'താന്‍ ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു' ;  മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി സാജന്റെ ഭാര്യ

ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു
'താന്‍ ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു' ;  മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി സാജന്റെ ഭാര്യ

കണ്ണൂര്‍ : സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബാംഗങ്ങള്‍. ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭര്‍ത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന പറഞ്ഞു. 

താന്‍ ചെയര്‍പേഴ്‌സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കൂടെനിന്ന പാര്‍ട്ടിക്കാര്‍ത്തന്നെ ചതിക്കുകയായിരുന്നെന്നും ബീനയും പിതാവ് പുരുഷോത്തമനും ആരോപിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ. പൂര്‍ണമായും സിപിഎം അംഗങ്ങള്‍ മാത്രമാണ് നഗരസഭയിലുള്ളത്. 

കുറച്ചു ദിവസമായി ചേട്ടന്‍ ഭയങ്കര ടെന്‍ഷനിലായിരുന്നു. ഓഡിറ്റോറിയത്തിന്റെ കടലാസ്സുകളുമായി പിന്നാലെ നടക്കുകയായിരുന്നു. ചേട്ടനെ കളിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടാവണം. തരില്ലാന്ന് ഉറപ്പു തോന്നിയിട്ടുണ്ടാവണം. പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്നയാളായിരുന്നു ഭര്‍ത്താവ്. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് സഹായിച്ചിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബീന പറഞ്ഞു.

പരാതിയുമായി ചെന്നപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള മാനസികമായി തളര്‍ത്തുകയാണ് ചെയ്തത്. കോടികള്‍ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരിക്കലും തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന തോന്നല്‍ സാജനെ മാനസികമായി തളര്‍ത്തി. നിര്‍മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്നു നഗരസഭ നോട്ടിസ് നല്‍കി. സാജന്റെ പരാതിയില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറില്‍ പരിശോധന നടത്തി. അപാകതയില്ലെന്നാണ് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നു സാജന്റെ കമ്പനിയായ പാര്‍ഥ ബില്‍ഡേഴ്‌സ് പറയുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഫയല്‍ പിടിച്ചുവയ്ക്കുകയാണെന്നു സാജന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

ആന്തൂരിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും സാജന്റെ പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാന്‍ കാരണമായെന്നും ആരോപണമുണ്ട്. അതേ സമയം അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നും നഗരസഭ വിശദീകരിച്ചു. ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്തത്.  15 വര്‍ഷമായി നൈജീരിയയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. 15 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയായ ശേഷം പ്രവര്‍ത്തനാനുമതിക്കായി നഗരസഭയില്‍ കയറി ഇറങ്ങി മടുത്തതിന്റെ നിരാശയിലായിരുന്നു ആത്മഹത്യയെന്ന് കുടുംബം പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com