പുതു ജീവിതത്തിന് ഇന്നിങ്‌സ് തുറന്ന് വിരാടും മിഥാലിയും

അമ്മത്തൊട്ടിലില്‍ പുതുജീവിതത്തിന്റെ ഇന്നിങ്‌സ് തുറന്ന് വിരാടും മിഥാലിയും
പുതു ജീവിതത്തിന് ഇന്നിങ്‌സ് തുറന്ന് വിരാടും മിഥാലിയും

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതുജീവിതത്തിന്റെ ഇന്നിങ്‌സ് തുറന്ന് വിരാടും മിഥാലിയും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പിഞ്ചോമനകള്‍ക്കാണ് ലോകം ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം നിറയുന്ന സന്ദര്‍ഭത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ പേര് നല്‍കിയത്. ആണ്‍ കുഞ്ഞിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിന് സമാനമായി വിരാട് എന്നും പെണ്‍ കുഞ്ഞിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന്റെ മിഥാലി എന്ന പേരുമാണ് നല്‍കിയത്. 

സംസ്ഥാന ശിശുക്ഷേമ സമിതി ആധുനി സാങ്കേതിക വിദ്യയോടെ നവീകരിച്ച തൈക്കാടുള്ള ഹൈടെക്ക് അമ്മത്തൊട്ടിലില്‍ ശനിയാഴ്ചയും ചൊവ്വാഴ്ചയുമായാണ് കുരുന്നുകള്‍ എത്തിയത്. ശനിയാഴ്ച രാത്രി എട്ടിനാണ് മൂന്ന് ദിവസം പ്രായമുള്ള 2.4 കി.ഗ്രാം ഭാരമുള്ള ആണ്‍കുട്ടിയെ ലഭിച്ചത്. ചൊവ്വാഴ്ച പകല്‍ 12.30ന് 3.2 കി.ഗ്രാം ഭാരമുള്ള നാല് ദിവസം പ്രായമുള്ള പെണ്‍കുട്ടിയേയും ലഭിച്ചു. തുടര്‍ പരിചരണത്തിനായി മാറ്റിയ കുട്ടികള്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. 

ഫെബ്രുവരി ഒന്നിനാണ് തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നവീകരിച്ച അമ്മത്തൊട്ടില്‍ നാടിന് സമര്‍പ്പിച്ചത്. നാല് മാസം പിന്നിടുമ്പോള്‍ പുതിയ അതിഥികള്‍ ഉള്‍പ്പെടെ എട്ട് കുഞ്ഞുങ്ങളാണെത്തിയത്. 

സംസ്ഥാനത്ത് അമ്മത്തൊട്ടിലില്‍ സ്ഥാപിച്ച ശേഷം ലഭിക്കുന്ന 267ാമത്തേയും 278ാമത്തേയും കുട്ടികളാണ് വിരാടും മിഥാലിയും. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 125ാമത്തേയും 126ാമത്തേയും കുരുന്നുകളും. ഇവരുടെ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികളുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി എസ് പി ദീപക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com