മുംബൈ പൊലീസ് കണ്ണൂരില്‍; ബിനോയിയെ ചോദ്യം ചെയ്യും, എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരായ പീഡനനാരോപണ പരാതിയില്‍ തുടര്‍ നടപടികളുമായി മുംബൈ പൊലീസ്.
മുംബൈ പൊലീസ് കണ്ണൂരില്‍; ബിനോയിയെ ചോദ്യം ചെയ്യും, എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരായ പീഡനനാരോപണ പരാതിയില്‍ തുടര്‍ നടപടികളുമായി മുംബൈ പൊലീസ്. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി. ഓഷിവാര പൊലീസിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ രണ്ട് എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ബിനോയിയ്ക്ക് എതിരായ എഫ്‌ഐആര്‍ ഓഷിവാര പൊലീസ് മുംബൈ അന്ധേരി കോടതിയില്‍ സമര്‍പ്പിച്ചു. 

കേസന്വേഷിക്കുന്ന ഓഷിവാര പൊലീസ് ബിനോയിയോട് മുന്നുദിവസത്തിനുള്ളില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുംബൈ പൊലീസ് സൂചിപ്പിക്കുന്നു. അതേസമയം അറസ്റ്റ് ഒഴിവാക്കാനായി ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.ബിനോയിയുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്നും ബിഹാര്‍ സ്വദേശിയായ യുവതി പറഞ്ഞിരുന്നു. 

കേസില്‍ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു. കേസന്വേഷണത്തിനായി മുംബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ എട്ടു വയസ്സുള്ള കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ ബിനോയി കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസിനെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്.

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ബിനോയിക്കെതിരെ സിപിഎമ്മിന് രണ്ടു മാസം മുമ്പ് യുവതി പരാതി നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com