അനുമതി നിഷേധിച്ചെന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധം; കെട്ടിട നമ്പർ ലഭിച്ചില്ലെന്ന കാര്യം ഭരണ സമിതി അറിഞ്ഞത് പോലുമില്ല; ആന്തൂർ ന​ഗരസഭാ അധ്യക്ഷ 

കണ്ണൂരില്‍ ഓഡിറ്റോറിയത്തിന് നഗരസഭയുടെ പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന്  വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആന്തൂർ ന​ഗരസഭ
അനുമതി നിഷേധിച്ചെന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധം; കെട്ടിട നമ്പർ ലഭിച്ചില്ലെന്ന കാര്യം ഭരണ സമിതി അറിഞ്ഞത് പോലുമില്ല; ആന്തൂർ ന​ഗരസഭാ അധ്യക്ഷ 

കണ്ണൂര്‍: കണ്ണൂരില്‍ ഓഡിറ്റോറിയത്തിന് നഗരസഭയുടെ പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന്  വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആന്തൂർ ന​ഗരസഭ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന​ഗരസഭാ അധ്യക്ഷ പികെ ശ്യാമള പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയോട് വിരോധം ഉണ്ടാകുന്ന തരത്തിലുള്ള ഒരു നിലപാടും ന​ഗരസഭ സ്വീകരിച്ചിട്ടില്ല. 

2018 ഒക്ടോബറിന് മുൻപാണ് അനുമതി തേടി വ്യവസായി ന​ഗരസഭയെ സമീപിച്ചത്. നമ്പർ കിട്ടുന്നതിനായി രണ്ട് മാസം മുൻപ് വീണ്ടും സമീപിച്ചിരുന്നു. ഔദ്യോ​ഗിക തലത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളാണെന്നും ന​ഗരസഭയ്ക്ക് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു. നമ്പർ ലഭിച്ചില്ലെന്ന കാര്യം ഭരണ സമിതി അറിഞ്ഞിരുന്നില്ല. അനുമതി സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്തത് ഉദ്യോ​ഗസ്ഥരാണ്. താനടക്കമുള്ള ജനപ്രതിനിധികൾക്ക് മുന്നിൽ പരാതി എത്തിയിരുന്നില്ല. അനുമതി നിഷേധിച്ചെന്ന തരത്തിൽ തനിക്കെതിരെ വരുന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അവർ വ്യക്തമാക്കി. 

ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആണ്  ചൊവ്വാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു സാജനെന്ന് ബന്ധുക്കള്‍ പറയുന്നു. 15 വര്‍ഷമായി നൈജീരിയയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. 15കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയായ ശേഷം പ്രവര്‍ത്തനാനുമതിക്കപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു സാജന്‍.

സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ്  സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് പികെ ശ്യാമള പറഞ്ഞു. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കൂടെ നിന്ന പാർട്ടിക്കാർത്തന്നെ ചതിക്കുകയായിരുന്നെന്നും സാജന്റെ ഭാര്യ ബീനയും ഭാര്യാപിതാവ് പുരുഷോത്തമനും ആരോപിച്ചു.

സിപിഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യ ചെയർപേഴ്സണായിരിക്കുന്ന നഗരസഭയാണ് ആന്തൂർ. പൂർണമായും സിപിഎം അംഗങ്ങൾ മാത്രമുള്ള നഗരസഭയുടെ പീഡനമാണ് ഇടതുപക്ഷ അനുഭാവി കൂടിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്യാൻ കാരണം എന്ന ഗുരുതര ആരോപണ കുടുംബാംഗങ്ങൾ ഉന്നയിച്ചത്. പരാതിയുമായി ചെന്നപ്പോൾ ചെയർപേഴ്സൺ പികെ ശ്യാമള മാനസികമായി തളർത്തുകയാണ് ചെയ്തത്. കോടികൾ മുടക്കി നിർമിച്ച കൺവെൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com