കൊച്ചിയില്‍ ഭീകരാക്രമണത്തിന് ഐഎസ്‌ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തെരഞ്ഞെടുത്തേക്കാമെന്നാണ് വിവരം
കൊച്ചിയില്‍ ഭീകരാക്രമണത്തിന് ഐഎസ്‌ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; 30 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊച്ചിയില്‍ ഭീകരാക്രമണത്തിന് ഐഎസ്‌ഐഎസ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തെരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കേരള പൊലീസ് അധികൃതര്‍ക്ക് കൈമാറിയതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള ഐഎസ് പദ്ധതി സംബന്ധിച്ച മൂന്ന് കത്തുകളാണ് ഇന്റലിജന്‍സ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഒന്നിലാണ് കൊച്ചിയെ ലക്ഷ്യമിടുന്നതായ കാര്യം പ്രതിപാദിച്ചിട്ടുള്ളത്. 
 
ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഐഎസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ഇവര്‍ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരുന്നു എന്ന ഭയത്താല്‍ ചില ആപ്പുകളും ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് കൈമാറിയ കത്തില്‍ പറയുന്നു. 

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെയാണ് ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുള്ളതെന്നും ഇന്റലിജന്‍സ് അധികതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് രാജ്യം വിട്ടത്. 21 കൗണ്‍സിലിങ് സെന്ററിലായി നടത്തിയ നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേരളത്തില്‍ ആഭ്യന്തര സുരക്ഷാ സെല്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരവാദ ആശയങ്ങളോട് സഹകരിക്കുന്ന പൊലീസുകാരെ കണ്ടെത്താന്‍ 12 ഓളം ഓണ്‍ലൈന്‍ ഹണിട്രാപ്പും സജ്ജീകരിച്ചിട്ടുണ്ട്. 250 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30  പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നാലെ കേരളാ തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com