സാജന്‍, ജയരാജനും എം വി ഗോവിന്ദനും തമ്മിലുള്ള കുടിപ്പകയുടെ ഇര ; അനുമതി നിഷേധിച്ചതിന് പിന്നില്‍ ആരെന്ന് നഗരസഭ വെളിപ്പെടുത്തണം : കെ സുരേന്ദ്രന്‍

സാജന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ആന്തൂര്‍ നഗരസഭാധ്യക്ഷയ്ക്കും, ഭര്‍ത്താവായ മുതിര്‍ന്ന സിപിഎം നേതാവിനുമാണ്
സാജന്‍, ജയരാജനും എം വി ഗോവിന്ദനും തമ്മിലുള്ള കുടിപ്പകയുടെ ഇര ; അനുമതി നിഷേധിച്ചതിന് പിന്നില്‍ ആരെന്ന് നഗരസഭ വെളിപ്പെടുത്തണം : കെ സുരേന്ദ്രന്‍


കോഴിക്കോട് : സിപിഎം നേതാക്കളായ പി ജയരാജനും എം വി ഗോവിന്ദനും തമ്മിലുള്ള കുടിപ്പകയുടെ ഇരയാണ് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സാജന്റെ മരണം സിപിഎമ്മിന്റെ നേതാക്കന്മാരുടെ കുടിപ്പകയുടെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം മുതല്‍മുടക്കാന്‍ വ്യവസായികള്‍ക്ക് വലിയ ഭീതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്ത് സമാനമായ സംഭവം ഉണ്ടായത്. ആന്തൂരിലെ സംഭവങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ തന്നെ മറ്റൊരു ആത്മഹത്യാശ്രമം നടന്നിരിക്കുന്നു. പ്രവാസി വ്യവസായിയായ സാജന്‍ പാറയില്‍ തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചിട്ട്, അദ്ദേഹത്തിന് ന്യായമായി ലഭിക്കേണ്ട കാര്യങ്ങള്‍ പോലും ലഭിക്കാതായപ്പോഴാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. 

താന്‍ ഈ കസേരയില്‍ ഇരിക്കുമ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യയും കുടുംബവും വെളിപ്പെടുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ തന്നെ ഇങ്ങനെ പറഞ്ഞാല്‍, 15 കോടിയോളം മുതല്‍ മുടക്കിയ ആള്‍ ആത്മഹത്യ ചെയ്യുകയല്ലാതെ എന്തു ചെയ്യുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. 

സാജന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ആന്തൂര്‍ നഗരസഭാധ്യക്ഷയ്ക്കും, ഭര്‍ത്താവായ മുതിര്‍ന്ന സിപിഎം നേതാവിനുമാണ്. പി കെ ശ്യാമള വെറും സിപിഎം കൗണ്‍സിലര്‍ മാത്രമല്ല, സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എം വി ഗോവിന്ദന്റെ ഭാര്യയാണ്. സാങ്കേതികമായ തടസ്സങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എം വി ഗോവിന്ദന്റെ ഭാര്യ ഇത്തരത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കണമെങ്കില്‍ അതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ശ്യാമള മാത്രമല്ല ഗോവിന്ദനും ഇതില്‍ കൂട്ടുപ്രതിയാണ്. അല്ലെങ്കില്‍ പി ജയരാജന്‍ സത്യം പുറത്തുപറയട്ടെ. പി ജയരാജന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണോട് പറഞ്ഞതെന്തെന്ന് അദ്ദേഹം വെളിപ്പെടുത്തണം. ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ജയരാജന്‍ നിര്‍ദേശിച്ചിരുന്നു എന്ന് വ്യക്തമായതാണ്. ജയരാജന്‍ സത്യം പറഞ്ഞില്ലെങ്കില്‍, പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

ജയരാജന്‍ നടത്തുന്ന പാലിയേറ്റീവ് പ്രസ്ഥാനത്തിന് അകമഴിഞ്ഞ പിന്തുണയും സഹായവും നല്‍കിയ വ്യക്തിയാണ് മരിച്ച സാജന്‍. ഇവിടെ ശ്യാമളയുടെ വിരോധമല്ല, ഗോവിന്ദന്റെ വിരോധമാണ് കെട്ടിടത്തിന് അനുമതി തടയാന്‍ കാരണം.സിപിഎം നേതാക്കളുടെ വ്യക്തിവിരോധമാണ് പ്രവാസിക്ക് വിനയായത്.  കെട്ടിടത്തിന് അനുമതി നിഷേധിച്ചത് ജയരാജന്‍ ഇടപെട്ടതു കാരണമാണോ, എംഎല്‍എ ഇടപെട്ടതുകൊണ്ടാണോ, മന്ത്രി ഇടപെട്ടതുകൊണ്ടാണോ എന്ന് ആന്തൂര്‍ നഗരസഭ വ്യക്തമാക്കണം. നഗരസഭാധ്യക്ഷ പി കെ ശ്യാമള രാജിവെച്ച് അന്വേഷണം നേരിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com