പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ സെക്രട്ടറിയുള്‍പ്പെടെ നാലുപേരെ സസ്‌പെന്റ് ചെയ്തു; അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ സെക്രട്ടറിയുള്‍പ്പെടെ നാലുപേരെ സസ്‌പെന്റ് ചെയ്തു; അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം


കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ സെക്രട്ടറി ഗിരീഷ് ഉള്‍പ്പെടെ നാലുപേരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.സെക്രട്ടറി ഗിരീഷ്, അസി. എഞ്ചിനിയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍,സുധീര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എസി മൊയ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍, നഗരകാര്യ ഉത്തരമേഖല ജോയിന്റ് ഡയറക്ടര്‍ എന്നിനവരുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിധേയമായി കാര്യങ്ങള്‍ ചെയ്തിട്ടും അനാവാശ്യ കാലതാമസം വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കും. സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, സാജന്റെ വീട് സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍, ഉദ്യോഗസ്ഥരെ സസ്പന്റെ ചെയ്തുവെന്ന് അറിയിച്ചിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, നേതാക്കളായ പി ജയരാജന്‍, പികെ ശ്രീമതി എനനിവരാണ് സാജന്റെ വീട് സന്ദര്‍ശിച്ചത്. നഗരസഭാ അധ്യക്ഷയുടെ ഭാഗത്ത് തെറ്റില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ പണി പൂര്‍ത്തിയാക്കാന്‍ സിപിഎം ഒപ്പം നില്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

സാജന്റെ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റന്റ് എന്‍ജിനീയറുടെ ശ്രമത്തിന് തടസം നിന്നത് നഗരസഭ സെക്രട്ടറിയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇക്കാരണത്താല്‍ പൂര്‍ത്തീകരണ രേഖ നല്‍കാനായില്ല. സംയുക്ത പരിശോധനയില്‍ തള്ളിയ വാദങ്ങള്‍ നിരത്തിയാണ് സെക്രട്ടറി പൂര്‍ത്തീകരണ രേഖ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം വിശദമാക്കുന്നത്. അവസാനവട്ട പരിശോധനയില്‍ ചില ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പ്ലാനില്‍ തിരുത്തലുകള്‍ വരുത്താന്‍ ആണ് നിര്‍ദ്ദേശിച്ചത്. തിരുത്തലിന് ശേഷം അനുമതി നല്‍കാന്‍ ഫയലില്‍ എഴുതിയെന്നും എഞ്ചിനീയറിംഗ് വിഭാഗം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആന്തൂര്‍ നഗരസഭ വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടത് ഓഡിറ്റോറിയത്തില്‍ മൂന്ന് ചട്ട ലംഘനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ടൗണ്‍ പ്ലാനര്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒന്ന് മാത്രമായിരുന്നു. പ്ലാനിന് പുറമെയുള്ള കോണ്ക്രീറ്റ് സല്‍ബ് നിര്‍മിച്ചു എന്നത് മാത്രമായിരുന്നു കണ്ടെത്തിയ ചട്ടലംഘനം. എന്നാല്‍ മറ്റു കാരണങ്ങള്‍ നിരത്തി നഗരസഭ അനുമതി നിഷേധിക്കുമെന്ന് സാജന്‍ അറിഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യവസായിയുടെ കുടുംബം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com