ശപഥം അവസാനിപ്പിക്കാന്‍ സമയമായി; നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് ശ്രീകണ്ഠന്‍, മധുരപ്രതികാരം 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠന്റേത്
ശപഥം അവസാനിപ്പിക്കാന്‍ സമയമായി; നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് ശ്രീകണ്ഠന്‍, മധുരപ്രതികാരം 

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലക്കാട്. പാലക്കാട് എംബി രാജേഷ് ഉറപ്പായി ജയിക്കുമെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന്‍ വിജയിച്ച് കയറുന്നത് ഞെട്ടലോടെ കാണുകയായിരുന്നു രാഷ്ട്രീയ കേരളം. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠന്‍ തോല്‍പ്പിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ഏറെക്കാലം മുന്‍പെടുത്തൊരു പ്രതിജ്ഞ പാലിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീകണ്ഠന്‍. 

''സിപിഎമ്മിനെ തോല്‍പ്പിച്ചാല്‍ മാത്രമെ താടിയെടുക്കൂ'' എന്നതായിരുന്നു ശ്രീകണ്ഠന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എടുത്ത പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാട്ടില്‍ച്ചെന്നാല്‍ ആദ്യം ചെയ്യുക താടിയെടുക്കുകയായിരിക്കുമെന്ന് ശ്രീകണ്ഠന്‍ പറയുന്നു. 

ഷൊര്‍ണൂര്‍ എസ് എന്‍ കോളജില്‍ പഠിക്കുന്ന സമയത്താണ് ശ്രീകണ്ഠന്‍ ആക്രമിക്കപ്പെട്ടത്. 'എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ ആക്രമണങ്ങള്‍ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരില്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആരും പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്.' 

'സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തില്‍ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ താടി വളര്‍ത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലര്‍ സ്‌റ്റൈലാണെന്ന് പറഞ്ഞു.' 

''പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളര്‍ത്തുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത്, ഒരിക്കല്‍ ഞാന്‍ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ആ പ്രതിജ്ഞ നിറവേറ്റാന്‍ ഒരുങ്ങുകയാണ്.നാട്ടില്‍ പോയാല്‍ ആദ്യം ചെയ്യുന്നത് അതാകും''- ശ്രീകണ്ഠന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com