സംസ്ഥാനത്തിന് തിരിച്ചടി ; കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ; കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല

കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്
സംസ്ഥാനത്തിന് തിരിച്ചടി ; കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ; കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് ആര്‍ബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു. ഒരു തവണ മോറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. 

കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. കാര്‍ഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി. എന്നാല്‍, മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.

ഇടുക്കി, വയനാട് ജില്ലകളില്‍ കര്‍ഷക ആത്മഹത്യകളുണ്ടായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്. ഇതു നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ബാങ്കേഴ്‌സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്.

കര്‍ഷകര്‍ മറ്റാവശ്യങ്ങള്‍ക്ക് എടുക്കുന്ന വായ്പയും കാര്‍ഷികവൃത്തിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് അടയ്ക്കുന്നത്. പ്രളയംമൂലം കഴിഞ്ഞവര്‍ഷം കൃഷി നശിച്ചതിനാല്‍ പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനാകാതിരുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തിനടപടികളോട് റവന്യൂ, പൊലീസ് അധികൃതര്‍ നിലവില്‍ സഹകരിക്കുന്നില്ല. അതിനാല്‍ ബാങ്കുകള്‍ ജപ്തിനടപടികള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. ആര്‍ബിഐ തീരുമാനം പ്രഖ്യാപിച്ചതോടെ, ജപ്തി നടപടികള്‍ പുനരാരംഭിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com