സുഹൃത്തിനെ തേടിയെത്തി; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റ വ്യാപാരി ആശുപത്രിയില്‍ 

സുഹൃത്തിനെ തേടിയെത്തി; ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റ വ്യാപാരി ആശുപത്രിയില്‍ 

മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് ഗുരുതര പരിക്കേറ്റു

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ നാംലംഗ സംഘം വ്യാപാരിയെ ആക്രമിച്ചു. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 

രാവിലെ 9 മണിയോടെയാണ് സംഭവം. മൂന്നുപീടിക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മിമിക് ലോട്ടറി സ്ഥാപനത്തിന്റെ ഉടമ ചക്കരപ്പാടം സ്വദേശി ലിജോയിയെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. രാവിലെ ഒരു സുഹൃത്തിനൊപ്പം ലിജോയ് തന്റെ കടയില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. സുഹൃത്തിനെ തേടിയെത്തിയ സംഘം ലിജോയിയെ ആക്രമിച്ചു.

സുഹൃത്തിനെ തല്ലുന്നത് തടഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ലിജോയിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയേറ്റ് ലിജോയിക്ക് തലക്കും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്.

ബൈക്കിലെത്തിയ പെരിഞ്ഞനം സ്വദേശികളായ നാല് പേരാണ് ആക്രമണം നടത്തിയത്. ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പ്രകടനം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com