ആന്തൂര്‍ : നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയോയെന്ന് സിപിഎം അന്വേഷണം ;ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം

നഗരസഭയുടെ സമീപനം മോശമായിപ്പോയെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍
ആന്തൂര്‍ : നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയോയെന്ന് സിപിഎം അന്വേഷണം ;ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം

കണ്ണൂര്‍ : പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സാജന്റെ വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. പി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയ നേതാക്കള്‍ സാജന്റെ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളുമായി ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നു. 

നഗരസഭ ഉദ്യോഗസ്ഥര്‍ക്കൊപ്പം അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സാജന്റെ കുടുംബം ഉടന്‍ പരാതി നല്‍കും. സിപിഎം ജില്ലാ നേതൃത്വത്തിനും നഗരസഭ അധ്യക്ഷയ്ക്കും കൗണ്‍സിലിനുമെതിരെ കുടുംബം പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. 

നഗരസഭയുടെ സമീപനം മോശമായിപ്പോയെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷന്‍ സെന്ററിന് ഉടന്‍ അനുമതി നല്‍കുക, നഗരസഭയുടെ വീഴ്ച അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ സാജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു. 

അതേസമയം സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭയുടെ ഭാഗത്തുനിന്നും വീഴ്ചയില്ലെന്നാണ് ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ആവര്‍ത്തിക്കുന്നത്. എങ്കില്‍ എന്തിനാണ് നാല് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസും ബിജെപിയും ചോദിക്കുന്നു. സാജന്റെ മരണത്തില്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയ്‌ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. ആന്തൂര്‍ നഗരസഭ കൗണ്‍സിലില്‍ മുഴുവന്‍ അംഗങ്ങളും സിപിഎമ്മുകാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com