'എംഎല്‍എ, മന്ത്രി തലത്തിലാണല്ലേ റൂട്ട് ; സര്‍ട്ടിഫിക്കറ്റ് തരേണ്ടത് നഗരസഭയാണെന്ന് ഓര്‍മ്മവേണമെന്ന്' മുന്നറിയിപ്പ് ; പാര്‍ട്ടിയെയും മന്ത്രിയെയും സമീപിച്ചതിലെ ജാള്യത പകയായി മാറിയെന്ന് വെളിപ്പെടുത്തല്‍

നിങ്ങള്‍ എംഎല്‍എ, മന്ത്രി ഇങ്ങനെയൊക്കെയാണല്ലോ നിങ്ങളുടെ റൂട്ട്. പക്ഷെ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികാരം ലോക്കല്‍ബോഡിയില്‍ മാത്രം നിക്ഷിപ്തമാണ്
'എംഎല്‍എ, മന്ത്രി തലത്തിലാണല്ലേ റൂട്ട് ; സര്‍ട്ടിഫിക്കറ്റ് തരേണ്ടത് നഗരസഭയാണെന്ന് ഓര്‍മ്മവേണമെന്ന്' മുന്നറിയിപ്പ് ; പാര്‍ട്ടിയെയും മന്ത്രിയെയും സമീപിച്ചതിലെ ജാള്യത പകയായി മാറിയെന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍ : ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ  ആത്മഹത്യയില്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരെ കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്‍ രംഗത്തെത്തി. നഗരസഭ അനുമതി നല്‍കാതിരുന്നപ്പോള്‍ പാര്‍ട്ടിയെയും മന്ത്രിയെയും സമീപിച്ചു. തുടര്‍ന്നാണ് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതെന്ന് സജീവന്‍ പറഞ്ഞു. ഇതില്‍ പി കെ ശ്യാമളയ്ക്കുള്ള ജാള്യത പകയായി മാറിയെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍, നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞത് ഈ വിഷയവുമായി എന്റെയടുത്ത് വരേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ഉദ്യോഗസ്ഥരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞോളൂ എന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് വൈകിയതില്‍ ചെയര്‍പേഴ്‌സണെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നില്ല.

ഏപ്രില്‍ 12 ന് പ്ലാന്‍ സബ്മിറ്റ് ചെയ്തു. 29 ന് പ്ലാനില്‍ കുറച്ചുകൂടി വ്യക്തത ആവശ്യമുണ്ട്, പോരായ്മകളുണ്ട്, അത് ക്ലിയര്‍ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നോട്ടീസ് നല്‍കി. എന്നാല്‍ ബിന്‍ഡിംഗില്‍ ചട്ടലംഘനമുണ്ടെന്ന് നോട്ടീസില്‍ പറയുന്നില്ല. നോട്ടീസ് അനുസരിച്ച് രണ്ടാം തീയതി പ്ലാന്‍ റീ സബ്മിറ്റ് ചെയ്തു. അതിനുശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സജീവന്‍ പറഞ്ഞു.  

അതിനു ശേഷം മൂന്നാംതീയതി സെക്രട്ടറി വിളിച്ച് കെട്ടിടത്തിന്റെ സോഫ്റ്റ് കോപ്പി മുനിസിപ്പാലിറ്റിയുടെ മെയിലിലേക്ക് അയച്ചുതരണമെന്ന് പറഞ്ഞു. ഇതനുസരിച്ച് ഡ്രോയിംഗ് അയച്ചുകൊടുത്തു. എന്നാല്‍ ഡ്രോയിംഗ് മുനിസിപ്പാലിറ്റിയുടെ കംപ്യൂട്ടറില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നും, പിഡിഎഫ് ഫയല്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് അതും നല്‍കി. 

ബില്‍ഡിംഗിന് ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കിയ സമയത്ത് ചെയര്‍പേഴ്‌സണെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അത് ചെവിക്കൊള്ളാന്‍ പോലും തയ്യാറായില്ല. റഫായിട്ടായിരുന്നു പെരുമാറ്റം. ഇതേത്തുടര്‍ന്ന് സാജന്‍ പാര്‍ട്ടിയില്‍ കത്ത് കൊടുത്തു. അതേത്തുടര്‍ന്നാണ് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടന്നത്. 

പരിശോധനയില്‍ നിയമലംഘനമില്ലെന്ന് ടൗണ്‍പ്ലാനറുടെ റിപ്പോര്‍ട്ട് വന്നു. ഇതിനിടെ എംഎല്‍എയ്ക്കും അന്നത്തെ തദ്ദേശസ്വയംഭരണമന്ത്രി കെടി ജലീലിനും പരാതി നല്‍കിയിരുന്നു. ആ പരാതിയും, ടൗണ്‍പ്ലാനറുടെ അനുകൂല റിപ്പോര്‍ട്ടും നഗരസഭ ഉദ്യോഗസ്ഥര്‍ക്കും ചെയര്‍പേഴ്‌സണും ജാള്യതയുണ്ടാക്കിയിട്ടുണ്ട്. 

നിങ്ങള്‍ എംഎല്‍എ, മന്ത്രി ഇങ്ങനെയൊക്കെയാണല്ലോ നിങ്ങളുടെ റൂട്ട്. പക്ഷെ ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികാരം ലോക്കല്‍ബോഡിയില്‍ മാത്രം നിക്ഷിപ്തമാണ്. അത് ഞങ്ങള് തന്നെ തരേണ്ടതാണ്. ഇക്കാര്യം ഓര്‍മ്മ വേണമെന്ന് ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള മുന്നറിയിപ്പ് നല്‍കിയെന്നും കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്‍ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com