കൊടുംവരള്‍ച്ച : കേരളത്തിന്റെ വാഗ്ദാനം തള്ളിയിട്ടില്ല ; നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍

കേരളസര്‍ക്കാരിന്റെ വാഗ്ദാനം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി വ്യക്തമാക്കി
കൊടുംവരള്‍ച്ച : കേരളത്തിന്റെ വാഗ്ദാനം തള്ളിയിട്ടില്ല ; നിലപാട് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം : കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് കുടിവെള്ളം നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടക്കും. ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇരുസംസ്ഥാന സര്‍ക്കാരുകളും തയ്യാറായിട്ടുള്ളത്. 

കേരളസര്‍ക്കാരിന്റെ വാഗ്ദാനം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി വ്യക്തമാക്കി. ഇന്നുചേരുന്ന യോഗം വാഗ്ദാനം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ളക്ഷാമത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും മിക്കതും അടച്ചിട്ട നിലയിലാണ്.

തിരുവനന്തപുരത്തും നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു കേരള സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.

കുടിവെള്ളം നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. കേരള സര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com