നഗരസഭ അധ്യക്ഷക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം വേണം: സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
നഗരസഭ അധ്യക്ഷക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം വേണം: സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നഗരസഭ അധ്യക്ഷ ശ്യമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കണം എന്നാണ് ആവശ്യം. നേരത്തെ, സാജന്റെ ഭാര്യയ്ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സെക്രട്ടറി ഗിരീഷ്, അസി. എഞ്ചിനിയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍,സുധീര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. 

വ്യവസായിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിന് എതിരെ ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ മറുപടിയും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് കോടതി നിരീക്ഷിച്ചു. പ്രവാസിയുടെ ആത്മഹത്യയില്‍ സര്‍ക്കാര്‍ തല അന്വേഷണം വേണം. അപേക്ഷ കിട്ടിയാല്‍ അതിന് മുകളില്‍ അടയിരിക്കുകയല്ല വേണ്ടത്. അനുകൂലമായാലും പ്രതികൂലമായാലും തീരുമാനം ഉടന്‍ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഉചിതമായ നടപടിയെടുക്കണം. ഹൈക്കോടതി ആവശ്യപ്പെട്ടു.

ആന്തൂര്‍ നഗരസഭയില്‍ സാജന്‍ അപേക്ഷ നല്‍കിയ ദിവസം മുതല്‍ ഉള്ള ഫയലുകളും രേഖകളും സാജന് നല്‍കിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com