ബിനോയ് കോടിയേരിക്കെതിരെ തിരച്ചില്‍ നോട്ടീസിന് നീക്കം; മുംബൈ പൊലീസ് തിരുവനന്തപുരത്തേക്ക്

ബിനോയിയെ ചോദ്യം ചെയ്യാന്‍ കേരളത്തിലെത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണിത്
ബിനോയ് കോടിയേരിക്കെതിരെ തിരച്ചില്‍ നോട്ടീസിന് നീക്കം; മുംബൈ പൊലീസ് തിരുവനന്തപുരത്തേക്ക്

കണ്ണൂര്‍: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ മുംബൈ പൊലീസ് നടപടി ആരംഭിച്ചതായി പ്പോര്‍ട്ടുകള്‍. ബിനോയിയെ ചോദ്യം ചെയ്യാന്‍ കേരളത്തിലെത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണിത്.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് നല്‍കാന്‍ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും. തുടര്‍ന്ന്, പിതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീടിന്റെ അയല്‍പക്കത്ത് നോട്ടിസ് ഏല്‍പിച്ചു. 3 ദിവസമായി കണ്ണൂരിലുള്ള മുംബൈ പൊലീസ്, തുടര്‍ അന്വേഷണത്തിനായി തിരുവനന്തപുരത്തേക്കു തിരിക്കും.

പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി. ഫോണ്‍ കോള്‍ റിക്കോര്‍ഡുകള്‍, ഒന്നിച്ചുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാന്‍ ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയില്‍ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം.

ഓഷിവാര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് പവാര്‍ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തില്‍. എഫ്‌ഐആര്‍ പകര്‍പ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ ജില്ലാ പൊലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായം തേടിയത്. മുംബൈയില്‍ നിന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളില്‍ കേരള പൊലീസിനൊപ്പമാണു മുംബൈ സംഘം പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com