മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചു, 42,000 രൂപ അടക്കണമെന്ന് കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു
മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചു, 42,000 രൂപ അടക്കണമെന്ന് കോടതി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മുസ്‌ലിം ലീഗ് നേതാവ് പിബി അബ്ദുറസാഖിന്റെ വിജയത്തിനെതിരെയായിരുന്നു സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്.  കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി നടപടികള്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. 

ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും. പിബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം.

കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

പാല, എറണാകുളം, അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ഇനി ഉപതെരഞ്ഞെടുപ്പ് നടക്കുക. കെ. മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിന് തടസമായി നില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com