മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിനോയി കോടിയേരി മുംബൈ കോടതിയില്‍

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിനോയി കോടിയേരി മുംബൈ കോടതിയില്‍

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുംബൈ ദില്‍ഡോഷി സെക്ഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.മൂന്നുമണിക്ക് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചു. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നു.

യുവതിയുടെ പക്കലുള്ള തെളിവുകളും താനുമായി ബന്ധപ്പെടുത്തുന്ന രേഖകളും എല്ലാം നശിപ്പിക്കണമെന്നും ബിനോയി സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവതിയും ബിനോയിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോകളും, മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.

ലഭിച്ച ഓഡിയോയും ഫോട്ടോകളും എല്ലാം പ്രത്യേക അന്വേഷണ സംഘം സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ നല്‍കി. തെളിവുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.2010 മുതല്‍ 2015 വരെ ബിനോയി യുവതിക്കും കുട്ടിക്കും ചെലവിന് പണം അയച്ചുകൊടുത്തതിന്റെ ബാങ്ക് രേഖകള്‍ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.

അതിനിടെ ഇന്നലെ ഉച്ചയോടെ പരാതിക്കാരി ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കി. പരാതിക്കാരിയുടെ സഹോദരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിനോയിയുമായുള്ള ബന്ധത്തിന്റെ സാക്ഷി കൂടിയാണ് സഹോദരി. കൂടാതെ യുവതിയുടെ കുടുംബസുഹൃത്തിന്റെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബിനോയിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുംബൈയിലെ ഉന്നത പൊലീസ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനോയിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസം ബിനോയിയുടെ കണ്ണൂരിലെ വീട്ടില്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ചെന്നെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

ബിനോയി കേരളത്തിലോ, മുംബൈയിലോ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വിദേശരാജ്യങ്ങളില്‍ അടക്കം ഉന്നതബന്ധങ്ങള്‍ ഉള്ളതിനാല്‍ ബിനോയി രാജ്യം വിടാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ക്കാണുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും ബിനോയിക്കെതിരെ പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com