ശബരിമല: പ്രേമചന്ദ്രന്റെ ബില്‍ ലോക്‌സഭയില്‍; പന്ത് ഇനി ബിജെപിയുടെ കോര്‍ട്ടില്‍

അനുമതി ലഭിച്ചതിനു ശേഷം ബില്ലിനെക്കുറിച്ചു സംസാരിക്കാന്‍ പ്രേമചന്ദ്രന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. 

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനാണ് ബില്‍ ലക്ഷ്യമിടുന്നത്. ബില്‍ അവതരണത്തിന് അനുമതി ലഭിച്ചതിനു ശേഷം ബില്ലിനെക്കുറിച്ചു സംസാരിക്കാന്‍ പ്രേമചന്ദ്രന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ബില്‍ അവതരിപ്പിക്കാമെന്നും മറ്റു കാര്യങ്ങള്‍ ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്വകാര്യ ബില്‍ ആയതിനാല്‍ നറുക്കെടുപ്പിലൂടെയാവും ഇതു ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ബില്ലിനോട് സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ബില്ലിനെ പിന്തുണയ്ക്കുന്ന പക്ഷം പ്രേമചന്ദ്രനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും പകരം സമഗ്രമായ ബില്‍ കൊണ്ടുവരാനുമാണ് സാധ്യത. അല്ലാത്തപക്ഷം ബില്‍ വോട്ടിനിട്ടു തള്ളും.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. റിവ്യു ഹര്‍ജികളില്‍ വിധി വന്നതിനു ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളിലേക്കു കടക്കൂ എന്നാണ് സൂചനകള്‍. സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരും ബിജെപിയും ഇതിനോടു യോജിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com