ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; അന്വേഷണത്തിന് അഞ്ചംഗ സംഘം

കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വിഎകൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു അന്വേഷണ ചുമതല
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; അന്വേഷണത്തിന് അഞ്ചംഗ സംഘം


കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വിഎകൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു അന്വേഷണ ചുമതല. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഇത്തരവിറക്കി.

പുതുതായി പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസിവ്യവസായിയായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നഗരസഭയിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

അതിനിടെ, ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു. അതേസമയം, പി.കെ.ശ്യാമള പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. ഞായറും തിങ്കളുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും. കെട്ടിട ഉടമയും സിപിഎം സഹയാത്രികനുമായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് പാര്‍ട്ടിക്കു കളങ്കമുണ്ടാക്കിയെന്നു കഴിഞ്ഞദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.

സാജന്റെ വേര്‍പാടില്‍ തനിക്കും പങ്കുണ്ടെന്ന് ഒരു നിയമസഭ സമാജികന്‍ എന്ന രീതിയില്‍ സമ്മതിക്കുന്നുവെന്ന് ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com