ആശുപത്രിയിൽ വച്ച് നഴ്സിന്റെ വളകൾ കവർന്നു; സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റിൽ

ഐസിയുവിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിലെ ലോക്കർ കുത്തിത്തുറന്നായിരുന്നു മോഷണം
ആശുപത്രിയിൽ വച്ച് നഴ്സിന്റെ വളകൾ കവർന്നു; സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റിൽ

കൊച്ചി: നഴ്സുമാർക്കുള്ള മുറിയിലെ ലോക്കർ കുത്തിത്തുറന്നു രണ്ട് പവൻ വരുന്ന വളകൾ കവർന്ന സെക്യൂരിറ്റി ജീവനക്കാരനും സഹായിയും പിടിയിൽ. ലൂർദ് ആശുപത്രിയിലാണ് സംഭവം. കളമശേരി എച്ച്എംടി ക്വാർട്ടേഴ്സിൽ മുഹമ്മദ്‌ അൻസാർ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടിൽ അരവിന്ദൻ (43) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഐസിയുവിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിലെ ലോക്കർ കുത്തിത്തുറന്നായിരുന്നു മോഷണം. നഴ്സ് കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ സ്വർണമാണു നഷ്ടപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- 17ന് ആശുപത്രിയുടെ സെക്യൂരിറ്റി ചുമതല പുതിയ ഏജൻസിയെ ഏൽപിച്ചിരുന്നു. അന്ന് നൈറ്റ്‌ ഡ്യൂട്ടിക്കെത്തിയ അൻസാറിനായിരുന്നു ഐസിയുവിന്റെ സുരക്ഷാച്ചുമതല. ആഭരണങ്ങളും മൊബൈൽ ഫോണും ഉള്ളിൽ അനുവദിക്കാത്തതിനാൽ ഡ്യൂട്ടിയിൽ ഉള്ള നഴ്സുമാർ അവ ലോക്കറിൽ സൂക്ഷിക്കുകയാണു പതിവ്. ഇതു മനസ്സിലാക്കിയ അൻസാർ രാത്രി 12 മണിയോടെ ലോക്കർ തകർത്ത് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് വളകൾ കവരുകയായിരുന്നു. തുടർന്നു യൂണിഫോം മാറ്റി, പുറത്തു കാത്തുനിന്ന അരവിന്ദന്റെ ഓട്ടോയിൽ കയറി സ്ഥലംവിട്ടു. പിറ്റേന്നു പോണേക്കരയിലുള്ള ജ്വല്ലറിയിൽ സ്വർണം വിൽക്കുകയും ചെയ്തു.

പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന സമയത്താണു വളകൾ നഷ്ടപ്പെട്ട കാര്യം നിഷാമോൾ മനസ്സിലാക്കിയത്. സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ അൻസാർ മുറിയിൽ കയറിയ കാര്യം വ്യക്തമായി. മോഷണ ദിവസം രാത്രി വൈകി ആശുപത്രി പിആർഒ നടത്തിയ പതിവു പരിശോധനയിൽ ഐസിയുവിന്റെ മുന്നിൽ അൻസാറിനെ കണ്ടിരുന്നുമില്ല. ഇതോടെയാണു നിഷ പരാതി നൽകിയത്. 

വിറ്റ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com