'ഓരോ ക്ഷേത്രത്തിനും പള്ളിക്കും നിയമമുണ്ടാക്കിയാല്‍ എന്താവും സ്ഥിതി'; ഭരണഘടന വായിച്ചിട്ട് പറയണം; കടകംപള്ളിയെ തള്ളി ജി സുധാകരന്‍

ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍  പാര്‍ലമെന്റ് ഒരു നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണം
'ഓരോ ക്ഷേത്രത്തിനും പള്ളിക്കും നിയമമുണ്ടാക്കിയാല്‍ എന്താവും സ്ഥിതി'; ഭരണഘടന വായിച്ചിട്ട് പറയണം; കടകംപള്ളിയെ തള്ളി ജി സുധാകരന്‍

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതള്ളി  മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍  പാര്‍ലമെന്റ് ഒരു നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണം. പാര്‍ലമെന്റില്‍ ആണോ ഇതൊക്കെ ചെയ്യേണ്ടത്. ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കിയാല്‍ സ്ഥിതിയെന്താകുമെന്നും  ജി സുധാകരകന്‍ ചോദിച്ചു. ആളാകാനും പ്രചാരണത്തിനു വേണ്ടിയും ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്നും ജി സുധാകരന്‍ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇക്കാര്യം താന്‍ ഉന്നയിച്ചിരുന്നെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നെങ്കില്‍ അതു നല്ല കാര്യമാണ്. കേന്ദ്ര സര്‍ക്കാരാണ് അതു ചെയ്യേണ്ടത്. കേന്ദ്രം അങ്ങനെ നിയമം കൊണ്ടുവരുമെങ്കില്‍ സ്വാഗതാര്‍ഹമാണെന്ന് കടകംപള്ളി പറഞ്ഞു. നിയമ നിര്‍മാണത്തിനു സമയമെടുക്കുമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. വിശ്വാസികളെ തെരുവില്‍ ഇറക്കരുതെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com