പികെ ശ്യാമളയെ മാറ്റില്ല; നഗരസഭയില്‍ ഉദ്യോഗസ്ഥവാഴ്ച; സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി

ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് പികെ ശ്യാമളയെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
പികെ ശ്യാമളയെ മാറ്റില്ല; നഗരസഭയില്‍ ഉദ്യോഗസ്ഥവാഴ്ച; സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് പികെ ശ്യാമളയെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പികെ ശ്യാമള രാജിക്കത്ത് കൈമാറിയെന്ന വാര്‍ത്തകള്‍ക്ക്് പിന്നാലെയാണ് കോടിയേരിയുടെ വിശദീകരണം. 

പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധായാ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുളള നഗരസഭാ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ പേരില്‍ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണസമിതിക്ക് മുകളിലാണ് ഉദ്യോഗസ്ഥ വാഴ്ച. ഇത് സര്‍ക്കാര്‍ പരിശോധിക്കണം. കേസില്‍ സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ നഗരസഭാ അധ്യക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാഘടകം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. 

ആത്മഹത്യയുടെ പേരില്‍ രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന് പി കെ ശ്യാമള അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി. 

ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേര്‍ന്നിരുന്നു. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com