പിരിവ് നല്‍കിയില്ല; പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചങ്ങലയില്‍ ചേര്‍ത്ത് ചവിട്ടി, മുഖത്ത് തൊഴിച്ചു, പരാതി 

പണപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം
പിരിവ് നല്‍കിയില്ല; പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചങ്ങലയില്‍ ചേര്‍ത്ത് ചവിട്ടി, മുഖത്ത് തൊഴിച്ചു, പരാതി 

ആലപ്പുഴ: പണപ്പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം. കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പങ്കാളിയായ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ, സ്‌കൂളിന് മുന്‍പില്‍ വച്ചാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. കുട്ടിയുടെ മുഖത്ത് തൊഴിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചങ്ങലയില്‍ ചേര്‍ത്ത് നിര്‍ത്തിയും ആക്രമണം തുടര്‍ന്നു.അതിക്രൂരമായി പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

പണം ആവശ്യപ്പെട്ട് ഇവര്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്തുന്നത് പതിവാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിയുമായി സംഘത്തിന് അസ്വാരസ്യം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് അക്രമത്തില്‍ കലാശിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച ചൊവ്വാഴ്ച തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് എസ്എഫ്‌ഐയുമായുളള ബന്ധമാണ് നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com