കോടിയേരിയെ പലതവണ കണ്ടു ; ഒത്തുതീര്‍പ്പിനായി ബിനോയിയും അമ്മയും മുംബൈയിലെത്തി ; വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്നായിരുന്നു കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടിയെന്ന് യുവതിയുടെ കുടുംബം പറയുന്നു
കോടിയേരിയെ പലതവണ കണ്ടു ; ഒത്തുതീര്‍പ്പിനായി ബിനോയിയും അമ്മയും മുംബൈയിലെത്തി ; വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

മുംബൈ : ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതിയുടെ ബന്ധുക്കള്‍. പ്രശ്‌നപരിഹാരത്തിനായി ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടുവെന്നാണ് പരാതിക്കാരിയും കുടുംബവും വ്യക്തമാക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതും, ബിനോയി ഭീഷണിപ്പെടുത്തുന്നതും അടക്കം എല്ലാ കാര്യങ്ങളും കോടിയേരിയോട് പറഞ്ഞു. 

സുഹൃത്തുക്കളെക്കൊണ്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്നായിരുന്നു കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടിയെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഇതിന് ശേഷം ബിനോയി തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.  

അതിനിടെ ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും അവര്‍ സംസാരിച്ചു. 

പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന്  ശ്രമിച്ചിരുന്നു. പിന്നീട് പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഫോണ്‍ റെക്കോഡുകള്‍ അടക്കമുള്ള തെളിവുകളും പരാതിക്കാരി പൊലീസിന് കൈമാറി. 

പരാതിക്കാരിയായ യുവതിയെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തി. മൊഴിയിലെ പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് പരാതിക്കാരിയെ വിളിപ്പിച്ചതിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്. 

പൊലീസിന് ലഭിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പുവരുത്തുക കൂടി ലക്ഷ്യമിട്ടാണ് പരാതിക്കാരിയെ വീണ്ടും വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. 

ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ബിനോയി കോടിയേരി കേരളത്തിലുണ്ടെന്ന് മുംബൈ പൊലീസിന്റെ വിലയിരുത്തല്‍. ഗള്‍ഫിലും വിദേശത്തും സ്വാധീനമുള്ള ബിനോയി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും മുംബൈ പൊലീസ് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ അടക്കം മുംബൈ പൊലീസ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ബിനോയിക്ക് വേണ്ടിയുള്ള ലുക്കൗട്ട് നോട്ടീസും പൊലീസ് ഉടന്‍ പുറപ്പെടുവിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com