ഭാര്യക്കും മക്കള്‍ക്കും ഒപ്പമെത്തി കോടികളുടെ വിസ തട്ടിപ്പ്; കോട്ടയം സ്വദേശി അറസ്റ്റില്‍

32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപം ആണ് ഇയാള്‍ തട്ടിയെടുത്തത്
ഭാര്യക്കും മക്കള്‍ക്കും ഒപ്പമെത്തി കോടികളുടെ വിസ തട്ടിപ്പ്; കോട്ടയം സ്വദേശി അറസ്റ്റില്‍

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. 32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപം ആണ് ഇയാള്‍ തട്ടിയെടുത്തത്.

പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിദേശ കമ്പനികളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ യുവാക്കളില്‍ നിന്നും, ഇവരുടെ രക്ഷിതാക്കളില്‍ നിന്നുമായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയിരുന്നത്. ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജന്‍സിയുടെയും മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്. 

ഏറ്റുമാനൂരിലെ പ്രതിയുടെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് അടക്കം 4 സ്ഥലങ്ങളില്‍ പ്രതിക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മോഷണമടക്കം 5 കേസുകളില്‍ പ്രതി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com