വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; ബിനോയിയും ആന്തൂറും ചര്‍ച്ചയാകും ; കോടിയേരി സെക്രട്ടറി പദവി ഒഴിയുമെന്ന് അഭ്യൂഹം

സിഒടി നസീറിനെതിരെയുള്ള വധശ്രമക്കേസില്‍ സിപിഎം നിയോഗിച്ച ടിവി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും നേതൃയോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും
വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; ബിനോയിയും ആന്തൂറും ചര്‍ച്ചയാകും ; കോടിയേരി സെക്രട്ടറി പദവി ഒഴിയുമെന്ന് അഭ്യൂഹം

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ബലാല്‍സംഗക്കേസ്, ആന്തൂരില്‍ സിപിഎം അനുഭാവിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുക.

തുടരെ സിപിഎം നേതാക്കളോ ബന്ധുക്കളോ വിവാദങ്ങളില്‍ അകപ്പെടുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയത്. 

സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ നിഷേധാത്മക നിലപാടില്‍ മനംനൊന്താണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭയിലെ അധ്യക്ഷ. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിക്ക് വേണ്ടി 20 ലേറെ തവണയാണ് പ്രവാസി വ്യവസായി നഗരസഭയില്‍ കയറിയിറങ്ങിയത്. 

താന്‍ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ കെട്ടിടത്തിന് അനുമതി ലഭിക്കുമെന്ന് കരുതേണ്ടെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ സിപിഎമ്മിലെ വിഭാഗീതയാണ് സാജന്റെ കെട്ടിടത്തിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. പി ജയരാജനോട് അടുപ്പമുള്ള ആളാണ് സാജന്‍. 

സിഒടി നസീറിനെതിരെയുള്ള വധശ്രമക്കേസില്‍ സിപിഎം നിയോഗിച്ച ടിവി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന നേതൃയോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്നാണ് നസീര്‍ മൊഴി നല്‍കിയത്. കേസില്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ പ്രതിരോധത്തിലാക്കി, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കോടിയേരിയുടെ മകന്‍ ബിനോയിയുടെ നേരെയുള്ള ലൈംഗിക പീഡന പരാതി വ്യക്തിപരമായ പരാതിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മുംബൈ പൊലീസ് കണ്ടെത്തുകയും, ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതോടെ, സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാണ്.

ബിനോയി അറസ്റ്റിലായാല്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടേക്കാം. സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടും പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധി എടുത്തേക്കുമെന്ന് പ്രചാരണമുണ്ട്. ഇക്കാര്യത്തിലും സിപിഎം നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും. സിപിഎം നേതാക്കളും ബന്ധുക്കളും തുടരെ വിവാദത്തില്‍ അകപ്പെടുന്നതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവും അതൃപ്തിയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com