സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത ആന്റിബയോട്ടിക്കിൽ കുപ്പിച്ചില്ല്

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത അണുബാധ പ്രതിരോധിക്കാനുള്ള ആന്റിബയോട്ടിക്ക്ക്കിൽ കുപ്പിച്ചില്ലു കണ്ടെത്തി
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത ആന്റിബയോട്ടിക്കിൽ കുപ്പിച്ചില്ല്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത അണുബാധ പ്രതിരോധിക്കാനുള്ള ആന്റിബയോട്ടിക്ക്ക്കിൽ കുപ്പിച്ചില്ലു കണ്ടെത്തി. ന്യുമോണിയ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്കു കുത്തിവയ്ക്കുന്ന സെഫോട്ടക്സൈമിൽ കുപ്പിച്ചില്ലു കണ്ടെത്തിയത്. തലശേരി ജനറൽ ആശുപത്രി, വയനാട് നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പെടെ ആശുപത്രികളിൽ ഇത് വിതരണത്തിനായി എത്തിച്ചിരുന്നു. 

കുത്തിവയ്പിനു മുൻപു മരുന്നു കുപ്പി കുലുക്കിയപ്പോഴാണ് സംശയം തോന്നിയത്. ഈ സമയത്ത് കുപ്പിക്കുള്ളിൽ നിന്ന് കിലുങ്ങുന്ന ശബ്ദം കേട്ടു. ഇരുണ്ട നിറത്തിലുള്ള കുപ്പി വെളിച്ചത്തുവച്ചു നോക്കിയപ്പോൾ ഉള്ളിൽ എന്തോ വസ്തു ഉള്ളതായി കണ്ടു. തുറന്നു നോക്കിയപ്പോഴാണു വലിയ കഷണം കുപ്പിച്ചില്ല് കണ്ടത്.

മരുന്നു വിതരണം ചെയ്ത കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതർ ഉടൻ വിവരം അറിയിച്ചു. സെഫോട്ടെക്സൈം ഉപയോഗിക്കരുതെന്ന് കോർപറേഷൻ എല്ലാ ആശുപത്രികൾക്കും മുന്നറിയിപ്പു നൽകി. എന്നാൽ കോർപറേഷൻ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. മരുന്നു കമ്പനിയായ ജയ്പുരിലെ വിവേക് ഫാർമയെ ഉദ്യോഗസ്ഥർ വിവരം അറിയിച്ചു. ഈ കമ്പനിയിൽ നിന്നു വിവിധ രോഗങ്ങൾക്കുള്ള ഒട്ടേറെ മരുന്നുകൾ കോർപറേഷൻ വാങ്ങുന്നുണ്ട്. 

പൂർണമായും മെഷീനിൽ നിർമിക്കുന്ന മരുന്നിൽ കുപ്പിച്ചില്ലു വീണത് എങ്ങനെയെന്ന് അറിയില്ലെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2018ൽ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിക്കും. ചെറിയ അളവ് മരുന്നാണ് ഇനി അവശേഷിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com