യുവതിക്ക് 50000 മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി അയച്ചു; പാസ്‌പോര്‍ട്ടിന് പിന്നാലെ ബാങ്ക് അക്കൗണ്ട് രേഖയും പുറത്ത്; ബിനോയിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ 

ബാങ്ക് അക്കൗണ്ടിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്
യുവതിക്ക് 50000 മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി അയച്ചു; പാസ്‌പോര്‍ട്ടിന് പിന്നാലെ ബാങ്ക് അക്കൗണ്ട് രേഖയും പുറത്ത്; ബിനോയിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ 

മുംബൈ : ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാസ്‌പോര്‍ട്ടിന് പിന്നാലെ ബിനോയിക്കെതിരെയുളള തെളിവായി ബാങ്ക് അക്കൗണ്ട് രേഖകളുമാണ് ഇപ്പോള്‍ പുറത്തുവന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയി പണം അയച്ചതിന്റെ രേഖകളാണ് പുറത്തായത്. 50000 രൂപ മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി യുവതിക്ക് ബിനോയി അയച്ചതിന്റെ രേഖകളാണിവ. ബാങ്ക് അക്കൗണ്ടിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. 

നേരത്തെ ബിനോയിക്കെതിരെയുളള പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്തുവന്നിരുന്നു.യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് യുവതി പാസ്‌പോര്‍ട്ട് പുതുക്കിയത്. പാസ്‌പോര്‍ട്ടിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പൊലീസിന് കൈമാറി. 

2004 ല്‍ എടുത്ത പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് യുവതി 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയത്. മുംബൈയിലെ യുവതി ആദ്യം നല്‍കിയ പരാതിയിലെ സുപ്രധാന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നു ചേര്‍ത്തിട്ടുമുണ്ട്. 

ഒളിവിലുള്ള ബിനോയി കേരളം വിട്ടിട്ടുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ബിനോയി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രത ശക്തമാക്കി. 

ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബിനോയി പീഡിപ്പിച്ചെന്നും  ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. 2015 വരെ ബിനോയി തനിക്കും കുട്ടിക്കും ചെലവിന് തന്നിരുന്നു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ ബാങ്ക് രേഖകളും ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 

അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള ബിനോയി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com