വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ല ; നടപടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ബിഐ അംഗീകാരമെന്ന് ബാങ്കേഴ്‌സ് സമിതി

മുഖ്യമന്ത്രി വിളിച്ച സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം മറ്റന്നാള്‍ ചേരാനിരിക്കെയാണ് ജപ്തി ഭീഷണിയുമായി പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ല ; നടപടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ബിഐ അംഗീകാരമെന്ന് ബാങ്കേഴ്‌സ് സമിതി

തിരുവനന്തപുരം : ജപ്തി ഭീഷണിയുമായി ബാങ്കേഴ്‌സ് സമിതി. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം.

കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം  ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ഇളവ് നല്‍കിയിട്ടില്ലെന്നും, തുടര്‍ന്നും മൊറട്ടോറിയം നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ആര്‍ബിഐ നിലപാട് അറിയിച്ചത്. 

ആര്‍ബിഐയുടെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരിക്കുകയാണ്. മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്‌സ് സമിതി യോഗം ചേരാനിരിക്കെയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്. 

പൊതുജനങ്ങളില്‍ നിന്ന് വിവിധ പരിള നിരക്കുകളില്‍ സമാഹരിക്കുന്ന പണമാണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്. നിക്ഷേപത്തിന്റെയും വായ്പകളുടെയും പലിശനിരക്കിലുള്ള നേരിയ വ്യത്യാസം കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചിലവുകള്‍ വഹിക്കുന്നത്. 

അതുകൊണ്ടുതന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ കാലാവധിക്ക് തിരിച്ചുകൊടുക്കുന്നതിനും അതുവഴി ബാങ്കിംഗ് സാംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. വായ്പകള്‍ കുടുശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്‌സ് സമിതി പരസ്യത്തില്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com