ശബരിമലയില്‍ ആചാരം നിര്‍വചിച്ചുള്ള സര്‍ക്കാര്‍ ബില്ലിന് സാധ്യത ; സ്വകാര്യ ബില്ലില്‍ പോരായ്മയെന്ന് ബിജെപി അംഗം

ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു
ശബരിമലയില്‍ ആചാരം നിര്‍വചിച്ചുള്ള സര്‍ക്കാര്‍ ബില്ലിന് സാധ്യത ; സ്വകാര്യ ബില്ലില്‍ പോരായ്മയെന്ന് ബിജെപി അംഗം

ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത്, നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ പോരായ്മകളുണ്ടെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി. ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു എന്നാണ് മീനാക്ഷി ലേഖി പറഞ്ഞത്. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെ ഹിന്ദി പരിഭാഷയില്‍ 'സാമ്പ്രദായ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നാണ് അര്‍ഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിര്‍വചിക്കണം എന്നാണ് മീനാക്ഷി ലേഖി നിര്‍ദേശിക്കുന്നത്. 

അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിര്‍വചിച്ച് ബില്ലില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അത് ഈ വഴിക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ ബില്ലുമായി വരുമോ എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

എന്‍ കെ പ്രേമചന്ദ്രന്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല ബില്‍ - 'ദ ശബരിമല ശ്രീധര്‍മ ശാസ്താ ടെംപിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍സ്) ബില്‍ 2019' ഇനി എന്നു ചര്‍ച്ചയ്‌ക്കെടുക്കണം എന്ന് ജൂലൈ 12ന് തീരുമാനിക്കും. മറ്റു  ബില്ലുകളും കൂടി അന്നു നറുക്കെടുപ്പിനു വരുന്നതിനാല്‍ ശബരിമലയ്ക്കു തന്നെ ആദ്യ അവസരം ലഭിക്കണമെന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com