സിപിഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം ; ബിനോയി, ആന്തൂര്‍ വിഷയങ്ങളില്‍ വിമര്‍ശനത്തിന് സാധ്യത ; പി കെ ശ്യാമളക്കെതിരായ നടപടിയും ചര്‍ച്ചയാകും

ബിനോയ് കോടിയേരിക്കെതിരായ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്യും
സിപിഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം ; ബിനോയി, ആന്തൂര്‍ വിഷയങ്ങളില്‍ വിമര്‍ശനത്തിന് സാധ്യത ; പി കെ ശ്യാമളക്കെതിരായ നടപടിയും ചര്‍ച്ചയാകും

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട. ബിനോയ് കോടിയേരിക്കെതിരായ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സമിതിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്യും. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയും, നഗരസഭാധ്യക്ഷ പി കെ ശ്യാമളക്കെതിരായ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. 

ലൈംഗികാരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആരോപണങ്ങളും കേസും സ്വന്തം നിലയില്‍ നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടിയേരി പറഞ്ഞു. വിവാദം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നുമുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിലേക്ക് തന്നെ സംസ്ഥാന നേതൃത്വവും എത്താനാണ് സാധ്യത. 

സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ഈ വിഷയത്തില്‍ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചുവെന്ന് പി കെ ശ്യാമളയെ വേദിയിലിരുത്തി മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. 

സി ഒ ടി നസീര്‍ വിഷയത്തില്‍ ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ പിന്നിടും മുമ്പേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചര്‍ച്ചയാവുന്നത്. പി ജയരാജന്‍ ഇടപെട്ട പ്രവാസി വ്യവസായിയുടെ വിഷയത്തില്‍ പി കെ ശ്യാമള എതിര്‍ നിലപാടെടുത്തത് കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. സിഒ ടി നസീര്‍ വധശ്രമവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നുവന്നേക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com