'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന നിലപാടാണ് സിപിഐയുടെത്'; കെ സുരേന്ദ്രന്‍

പുരപ്പുറത്ത് കയറി ധാര്‍മ്മികത പറയുന്നവരാണ് സിപിഐ നേതാക്കളെന്ന് സുരേന്ദ്രന്‍
'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന നിലപാടാണ് സിപിഐയുടെത്'; കെ സുരേന്ദ്രന്‍

കോഴിക്കോട്: ചീഫ് വിപ്പ് പദവി ഏറ്റെടുക്കാനുള്ള സിപിഐ തീരുമാനത്തെ പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ  സുരേന്ദ്രന്‍. പുരപ്പുറത്ത് കയറി ധാര്‍മ്മികത പറയുന്നവരാണ് സിപിഐ നേതാക്കളെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തു. പ്രളയം മൂലം ബാധ്യതയുള്ള കേരളത്തിന് ചീഫ് വിപ്പ് പദവി ആനാവശ്യമാണ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന നിലപാടാണ് സിപിഐയുടെതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഒല്ലൂര്‍ എംഎല്‍എ കെ. രാജനെ ചീഫ് വിപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് .യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് പദവി. ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിയാക്കിയപ്പോള്‍ സിപിഐക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് പദവി.

ജയരാജന്‍ രാജിവച്ചപ്പോള്‍ പകരം എംഎം മണി മന്ത്രിയായി. ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സിപിഎം മന്ത്രിമാരില്‍ ഒരാള്‍ ഒഴിഞ്ഞ് ജയരാജന്‍ തിരിച്ചുവരട്ടെ എന്ന നിലപാടായിരുന്നു സിപിഐക്ക്. എന്നാല്‍ ഒരു മന്ത്രിസ്ഥാനം സിപിഎം അധികം നേടിയപ്പോള്‍ പകരമായി സിപിഐക്ക് നല്‍കിയത് ചീഫ് വിപ്പ് സ്ഥാനമായിരുന്നു.പ്രളയ പശ്ചാത്തലത്തില്‍ അധികചിലവ് വരുമെന്നതിനാനാലാണ് സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. ആ തീരുമാനമാണ് ഒരു വര്‍ഷമാകുമ്പോള്‍ സിപിഐ തിരുത്തുന്നതും ഇപ്പോള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതും. നാല് മന്ത്രിമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇപ്പോള്‍ ചീഫ് വിപ്പ് അങ്ങനെ സിപിഐക്ക് ആറ് കാബിനറ്റ് പദവികളാകും ഇതോടെ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ പി.സി ജോര്‍ജിനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ ശക്തമായ വിമര്‍ശനം എല്‍ഡിഎഫ് ഉന്നയിച്ചിരുന്നു. അതില്‍ ഏറ്റവും വിമര്‍ശിച്ചത് സിപിഐ നേതാക്കളായിരുന്നു. ഒരു പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചീഫ് വിപ്പ് പദവി സൃഷ്ടിച്ച് ധൂര്‍ത്തടിക്കുന്നുവെന്നായിരുന്നു അന്ന് ആരോപിച്ചത്. അതേസമയം ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com