കുമ്മനം ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക്?; സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം, ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കുമെന്ന് സൂചന

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ സുരേന്ദ്രനെ കൊണ്ടുവരാന്‍ വീണ്ടും അണിയറ നീക്കം
കുമ്മനം ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക്?; സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം, ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ സുരേന്ദ്രനെ കൊണ്ടുവരാന്‍ വീണ്ടും അണിയറ നീക്കം. ഓഗസ്റ്റില്‍ സജീവ അംഗത്വ വിതരണം പൂര്‍ത്തിയാകുന്നതോടെ സംഘടനാ തെരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞതവണ സുരേന്ദ്രന് നഷ്ടമായ അധ്യക്ഷ സ്ഥാനം ഇത്തവണ നേടിയെടുക്കാന്‍ മുരളീധരപക്ഷം ശ്രമങ്ങള്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, പികെ കൃഷ്ണദാസ് വിഭാഗം, എംടി രമേശിനായും പിഎസ് ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെപി.ശ്രീശനു വേണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാതലത്തില്‍ നേതൃസ്ഥാനത്തേക്ക് പുതിയ ആളുകളെ എത്തിക്കണമെന്നാണ് പരക്കെയുള്ള ആവശ്യം. 

പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളില്‍ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതല്‍ നേടിയ കെ സുരേന്ദ്രനെ നേതൃത്വത്തില്‍ കൊണ്ടു വരുന്നത് ഗുണം ചെയ്യുമെന്ന് മുരളീധരപക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചുവെന്നാണ് സൂചന. 

ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആര്‍എസ്എസും സമ്മതം നല്‍കിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ആക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പികെ കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തില്‍ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പി എസ്.ശ്രീധരന്‍ പിള്ളയെ പുതുതായി ദേശീയതലത്തില്‍ രൂപീകരിക്കുന്ന ലോ കമ്മിഷനില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേള്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com