ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനം

ഒല്ലൂര്‍ എംഎല്‍എ കെ രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐ തീരുമാനം
ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനം

തിരുവനന്തപുരം: ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് പദവി ഏറ്റെടുക്കാന്‍ സിപിഐ തീരുമാനം. ഒല്ലൂര്‍ എംഎല്‍എ കെ രാജനെ ചീഫ് വിപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.

ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലെത്തിയതോടെ സിപിഐക്ക് ചീഫ് വിപ്പ് പദവി നല്‍കാന്‍ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയുടെയും മറ്റും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ തീരുമാനം മാറ്റിവെക്കുകായിരുന്നു. യുഡിഎഫിന്റെ കാലത്ത് പിസി ജോര്‍ജ്ജിന് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കിയതിനെതിരെ അന്ന് സിപിഐ രംഗത്തെത്തിയിരുന്നു. ഒരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നും ദുര്‍ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നായിരുന്നു പിണറായി സര്‍ക്കാര്‍ രൂപികരണ വേളയില്‍ കാനം പറഞ്ഞത്. അന്ന് വേണ്ടെന്നുവച്ച കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയാണ് ഇപ്പോള്‍ സിപിഐ ഏറ്റെടുത്തത്. 

ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സിപിഎം മന്ത്രിയെ മാറ്റി പകരം ജയരാജനെ ഉള്‍പ്പെടുത്താം എന്നായിരുന്നു സിപിഐയുടെ നിര്‍ദ്ദേശം. അധികമായി ഒരാളെ സിപിഎം എടുക്കുന്നുവെങ്കില്‍ 19 എംഎല്‍എമാരുള്ള തങ്ങള്‍ക്കും അവകാശവാദമുണ്ടെന്നും സിപിഐ വ്യക്തമാക്കി. തര്‍ക്കം രൂക്ഷമായതോടെ സിപിഐക്ക് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കുകയായിരുന്നു.

ചീഫ് വിപ്പ് സ്ഥാനത്തേക്ക്  മുല്ലക്കര രത്‌നാകരന്റെ പേര് ഉയര്‍ന്നവന്നെങ്കിലും യുവപ്രാതിനിധ്യം കണക്കിലെടുത്ത് രാജനെ ചീഫ് വിപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാബിനറ്റ് റാങ്കോടെയുള്ള പദവിയായതിനാല്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനും ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com