സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ; കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങും; അപ്പീലിന്മേല്‍ ഒരു മാസത്തിനകം തീര്‍പ്പ്

നിലവില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ കേള്‍ക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല. ട്രിബ്യൂണലിനാണ് അതിന് അധികാരമുള്ളത്
സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ; കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങും; അപ്പീലിന്മേല്‍ ഒരു മാസത്തിനകം തീര്‍പ്പ്


തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് -നഗരസഭാ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരമാണുള്ളത്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തും. അതിനായി പഞ്ചായത്ത് നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിലവില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ കേള്‍ക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല. ട്രിബ്യൂണലിനാണ് അതിന് അധികാരമുള്ളത്. കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ സ്ഥാപിക്കും. അപ്പീലുകളില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ നടപടി സ്വീകരിക്കും. സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശപ്രകാരം അനുമതി നല്‍കുന്ന തരത്തില്‍ സംവിധാനം വരുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആന്തൂരിലെ വ്യവസായി സാജന്റെ മരണം ദുഃഖകരമാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഭരണപരമായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.  കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം ഉണ്ടായിട്ടില്ല.  നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആന്തൂര്‍ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത്.പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ എം ഷാജി എംഎല്‍എ പറഞ്ഞു. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തേടി സാജന്‍ പി ജയരാജനുമായി സംസാരിച്ചിരുന്നു. ഇതാണ് നഗരസഭാ അധ്യക്ഷക്ക് സാജനോട് വൈരാഗ്യത്തിന് കാരണം. ഈ മരണത്തിന്റെ ഒന്നാമത്തെ പ്രതി നഗസഭാ അധ്യക്ഷയായ പി.കെ.ശ്യാമളയാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ സ്തംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com