ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല ; വ്യാഴാഴ്ചത്തേക്ക് മാറ്റി

ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് തടയുക ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയി മുംബൈ കോടതിയെ സമീപിച്ചത്
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല ; വ്യാഴാഴ്ചത്തേക്ക് മാറ്റി

മുബൈ : ലൈംഗീക പീഡനപരാതിയില്‍ ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഈ മാസം 27 ലേക്കാണ് കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതിനാലാണ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ നടപടി. ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് തടയുക ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയി മുംബൈ കോടതിയെ സമീപിച്ചത്.

വിവാഹം കഴിച്ചുവെന്നാണ് നേരത്തെ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞതെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ബിനോയി വാദിച്ചു. എന്നാല്‍ കുട്ടിയുടെ പിതൃത്വം ബിനോയി നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തേണ്ടതുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്. 

പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പുറത്തുവന്നു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com