വാങ്ങുന്നത് 71 രൂപയ്ക്ക്; വില്‍ക്കുന്നത് 770 ന്; മദ്യപാനികളുടെ കണ്ണ് നിറയ്ക്കുന്ന കണക്കുകള്‍; സര്‍ക്കാര്‍ ലാഭം കൊയ്യുന്നത്‌ പത്തിരട്ടി 

കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് വിവരാവകാശരേഖ
വാങ്ങുന്നത് 71 രൂപയ്ക്ക്; വില്‍ക്കുന്നത് 770 ന്; മദ്യപാനികളുടെ കണ്ണ് നിറയ്ക്കുന്ന കണക്കുകള്‍; സര്‍ക്കാര്‍ ലാഭം കൊയ്യുന്നത്‌ പത്തിരട്ടി 

കോഴിക്കോട്: കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് വിവരാവകാശരേഖ. അറുപത് രൂപയ്ക്കും 58 രൂപയ്ക്കുമെല്ലാം വാങ്ങുന്ന ഒരു ഫുള്‍ മദ്യം വില്‍ക്കുന്നത് പത്തിരട്ടിയിലേറെ വിലയീടാക്കി 820നും 690 രൂപയ്ക്കുമെല്ലാമാണ്.

തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയനാണ് വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് പല മദ്യങ്ങളും വാങ്ങുന്നതിന്റെ പത്തിരിട്ടി വിലയ്ക്കാണ് ബീവറേജ് കോര്‍പ്പറേഷന്‍ വില്‍ക്കുന്നത് വ്യക്തമായിരിക്കുന്നത്. ഈ വിവരാവകാശ മറുപടി ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലാണ്. 

ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി 750 മില്ലി ലിറ്റര്‍(ഒരു ഫുള്‍) സര്‍ക്കാര്‍ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 690 രൂപയ്ക്കും. ഇതിന്റെ റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വില്‍ക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി ആകട്ടെ വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത് 630 രൂപയ്ക്കും. ബിജോയ്‌സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്കും.

ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സര്‍ക്കാര്‍ 1240 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വില്‍ക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെര്‍ക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വില്‍ക്കുന്ന വില 680 രൂപയുമാണ്. ചെയര്‍മാന്‍ ചോയിസ് ബ്രാന്‍ഡിയാകട്ടെ ഒരു ലിറ്റര്‍ വാങ്ങുന്നത് 181.33 രൂപയ്ക്കും വില്‍ക്കുന്നത് 1460 രൂപയ്ക്കുമാണ്. മലബാര്‍ ഹൗസ് പ്രീമിയം റം ഫുള്ളിന് 54.97 രൂപയ്ക്ക് വാങ്ങി 580 രൂപയ്ക്ക് വില്‍ക്കുന്നു. ഹണീബീ ബ്രാന്‍ഡി ഫുള്‍ 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്കാണ് വില്‍ക്കുന്നത്.

സിഗ്‌നേച്ചര്‍ റേര്‍ എജി വിസ്‌കിയ്ക്ക് ഫുള്ളിന് വാങ്ങാന്‍ 177.88 രൂപ മാത്രമാണെങ്കില്‍ കേരള സര്‍ക്കാര്‍ വില്‍ക്കുന്നത് 1270 രൂപയ്ക്കാണ്. മാന്‍ഷന്‍ ഹൗസ് ഫ്രഞ്ച് ബ്രാന്‍ഡി 77.36 രൂപയ്ക്ക് വാങ്ങി 820 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബാഗ്‌പൈപ്പര്‍ ഗോള്‍ഡ് പ്രീമിയം വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്കാണ് വില്‍ക്കുന്നത്. റോയല്‍ ചലഞ്ച് സ്‌പെഷല്‍ പ്രീമിയം വിസ്‌കി 153.33 രൂപയ്ക്ക് വാങ്ങി 1170 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡിഎസ്പി ബ്ലാക് ഡീലക്‌സ് വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്ക് വില്‍ക്കുന്നു. നമ്പര്‍ വണ്‍ എംസിഡി ബ്രാന്‍ഡി 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്ക് വില്‍ക്കുന്നതായും ഈ രേഖയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ് ഇത്രയും വില വരാന്‍ കാരണം. മദ്യവില്‍പ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗമെന്നതും എടുത്തുപറയേണ്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com