'സൈബര്‍ പെര്‍വേര്‍ട്ടുകളുടെ' ആവിഷ്‌കാരലീലകള്‍ തുടരുക; കേരളവര്‍മ്മയിലെ വിവാദ ബോര്‍ഡില്‍ പ്രതികരണവുമായി ദീപ നിശാന്ത് 

കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാവിഷയത്തില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല
'സൈബര്‍ പെര്‍വേര്‍ട്ടുകളുടെ' ആവിഷ്‌കാരലീലകള്‍ തുടരുക; കേരളവര്‍മ്മയിലെ വിവാദ ബോര്‍ഡില്‍ പ്രതികരണവുമായി ദീപ നിശാന്ത് 

കൊച്ചി: കേരളവര്‍മ്മ കോളേജിലെ വിവാദ ബോര്‍ഡാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ബോര്‍ഡ് വച്ചത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ആണ് എന്നാണ് ആരോപണം നിലനില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എസ്എഫ്‌ഐ കേരളവര്‍മ്മ കോളേജ് യൂണിറ്റ് പറയുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് കേരളവര്‍മ്മ കോളേജിലെ അധ്യാപിക കൂടിയായ ദീപ നിശാന്ത്.

'കേരളവര്‍മ്മ കോളേജിലെ നിരവധി അധ്യാപകരില്‍ ഒരാളാണ് ഞാന്‍. ക്ലാസ്സില്‍ കൃത്യമായി പോകുകയും ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്. അധ്യാപിക എന്ന നിലയ്ക്കുള്ള ചുമതലകള്‍ കഴിവതും ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. എന്റെ മതം, വിശ്വാസം,രാഷ്ട്രീയം എന്നിവ ക്ലാസ്സ് റൂമിനകത്ത് ഡിസ്‌കസ് ചെയ്യാറില്ല. അതൊക്കെ എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അത്തരം കാര്യങ്ങള്‍ പറയേണ്ടപ്പോള്‍ പറയേണ്ടിടത്ത് പറയാറുണ്ട്. അതിനിയും തുടരും.'- ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാവിഷയത്തില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല. അതു കൊണ്ടു തന്നെ അത്തരം വിഷയങ്ങള്‍ ചോദിച്ചു കൊണ്ട് എന്റെ ഇന്‍ബോക്‌സിലേക്ക് ആരും വരേണ്ടതുമില്ല.'

'സൈബര്‍ പെര്‍വേര്‍ട്ടുകളുടെ ആവിഷ്‌കാരലീലകള്‍ തുടരുക. അതിന്റെ ലിങ്ക് എനിക്കാരും അയച്ചുതരേണ്ട കാര്യമില്ല. അത് കണ്ട് വേദനിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു എന്നാണ് വിശ്വാസം.' - ദീപ നിശാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com