കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടികൂടി; അഞ്ചെണ്ണം സ്മാർട്ട് ഫോണുകൾ; എണ്ണം 27 ആയി

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടുന്നത്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടികൂടി; അഞ്ചെണ്ണം സ്മാർട്ട് ഫോണുകൾ; എണ്ണം 27 ആയി

കണ്ണൂർ: സെൻട്രൽ ജയിലിൽ റെയ്ഡ് തുടരുന്നു. റെയ്ഡിൽ വീണ്ടും ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെത്തിയത്. ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടുന്നത്. 

ഇന്നലെ പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. ഇന്നലെ വൈകീട്ട് അഞ്ച് മണി മുതൽ രാത്രി പതിനൊന്നര വരെയാണ് ജയിലിലെ 10 ബ്ലോക്കിലും പരിശോധന നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള രണ്ട്, അഞ്ച്, ആറ്, ഏഴ് ബ്ലോക്കുകൾക്ക് മുന്നിൽ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവർത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. സെല്ലുകൾക്ക് മുന്നിലെ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ.

ജൂൺ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിങിന്‍റെ നിർദ്ദേശം. ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് ദിവസം മുൻപ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് നാല് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയൊക്കെ ഫോണുകളാണ് എങ്ങനെയാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ കണ്ണൂർ ടൗൺ പൊലീസ് അന്വേഷിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com