കാര്‍ഷിക വായ്പകളില്‍ മൊറട്ടോറിയം: വീണ്ടും ആര്‍ബിഐ സമീപിക്കാന്‍ ധാരണ

കാര്‍ഷിക വായ്പകള്‍ക്കുളള മൊറട്ടോറിയം നീട്ടുന്നതിന് വീണ്ടും ആര്‍ബിഐ സമീപിക്കാന്‍ സര്‍ക്കാരും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയും തമ്മില്‍ ധാരണ
കാര്‍ഷിക വായ്പകളില്‍ മൊറട്ടോറിയം: വീണ്ടും ആര്‍ബിഐ സമീപിക്കാന്‍ ധാരണ

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കുളള മൊറട്ടോറിയം നീട്ടുന്നതിന് വീണ്ടും ആര്‍ബിഐ സമീപിക്കാന്‍ സര്‍ക്കാരും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയും തമ്മില്‍ ധാരണ.മൊറട്ടോറിയം ഡിസംബര്‍ വരെ നീട്ടിയത് തുടരാന്‍ ആര്‍ബിഐയുടെ അനുമതി തേടുമെന്ന് ബാങ്കേഴ്‌സ് സമിതി അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം.

മൊറട്ടോറിയം നീ്ട്ടുന്നതിനായി ആര്‍ബിഐയെ സമീപിക്കാന്‍ സര്‍ക്കാരും സ്വന്തം നിലയില്‍ തീരുമാനിച്ചിട്ടുണ്ട്. മൊറട്ടോറിയം നീട്ടാന്‍ ബാങ്കേഴ്‌സ് സമിതി പ്രമേയം പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാങ്കുകള്‍ സാമൂഹ്യ പ്രതിബദ്ധത മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങ് ആകണമെന്ന കാര്യം ബാങ്കുകള്‍ മറക്കരുത്.സാങ്കേതിക രീതികള്‍ മാത്രം അവലംബിച്ചാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. പരിമിതികളില്‍ നിന്ന് കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ബാങ്കുകളുടെ സഹകരണം പിണറായി വിജയന്‍ തേടി. 

അര്‍ഹര്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകന് ജപ്തി നോട്ടീസ് നല്‍കിയാല്‍ അക്കാര്യം കൃഷി ഓഫീസറെ ഉടന്‍ തന്നെ അറിയിക്കാന്‍ നടപടി സ്വകരിക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വ്യവസായ അഭിവൃദ്ധി ലക്ഷ്യമിട്ടുളള ഉജ്ജീവന്‍ പദ്ധതിയുടെ വ്യവസ്ഥകളില്‍ ഇളവു വരുത്തണമെന്ന് വ്യവസായ വകുപ്പും ആവശ്യപ്പെട്ടു.

ആത്മഹത്യകളെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബാങ്കേഴ്‌സ് സമിതി അഭിപ്രായപ്പെട്ടു. വസ്തുതകള്‍ ജനത്തെ ബോധ്യപ്പെടുത്താനാണ് പത്രപ്പരസ്യം നല്‍കിയതെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. 

കഴിഞ്ഞദിവസം മൊറട്ടോറിയം നീട്ടുന്നതിന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നില്ല. ഇതിന്റെ ചുവടുപിടിച്ച്് ജപ്തിഭീഷണിയുമായി ബാങ്കേഴ്‌സ് സമിതി നല്‍കിയ പത്രപ്പരസ്യം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com